ന്യൂഡൽഹി : വെള്ളിയാഴ്ച പുലർച്ചെ മുതൽ ഡൽഹി എൻസിആറിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴയോടൊപ്പം ശക്തമായ കാറ്റും നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടി. നിരവധി മേഖലകളിൽ വെള്ളക്കെട്ട് വ്യാപകമാവുകയും നിരവധി റോഡുകളിൽ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തു. മോശം കാലാവസ്ഥ ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
ശക്തമായ കാറ്റും മഴയും മൂലം മരം വീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. കൃഷിഭൂമിയിൽ നിർമ്മിച്ചിരുന്ന ചെറിയ താൽക്കാലിക ഭവനത്തിലായിരുന്നു ഇവർ കഴിഞ്ഞു വന്നിരുന്നത്. പുലർച്ചയുണ്ടായ ശക്തമായ മഴക്കും കാറ്റിനും പിന്നാലെ ഈ താൽക്കാലിക ഭവനത്തിനു സമീപത്തെ മരം ഒടിഞ്ഞു വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെള്ളിയാഴ്ച ഡൽഹിയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post