കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അഞ്ചുപേർ മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് 5 പേർ മരിച്ചത് എന്നുള്ള ആരോപണത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സംഭവത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങി എന്ന് ആരോഗ്യ മന്ത്രി അറിയിച്ചു . സംഭവത്തിന്റെ അന്തിമ റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല എന്നും ആരോഗ്യമന്ത്രി ഇന്ന് വ്യക്തമാക്കി.
ഇന്നലെ രാത്രി 8 മണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്. ഷോർട്ട് സർക്യൂട് മൂലമോ ബാറ്ററിക്ക് ഉള്ളിലെ എന്തേലും പ്രശ്നമോ മൂലമോ ഉണ്ടായ തീപിടുത്തം കാരണമായിരിക്കാം പുക ഉയർന്നത് എന്നാണ് അഗ്നിരക്ഷാസേന അഭിപ്രായപ്പെട്ടിരുന്നത്. സംഭവത്തെത്തുടർന്ന് അഞ്ചു പേരാണ് മരിച്ചത്. പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് വിവരം.
യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീപടർന്നു എന്നുമാണ് ഈ അപകടത്തെക്കുറിച്ച് ഇതുവരെ സർക്കാരിന് ലഭ്യമായിട്ടുള്ള വിവരം. ഷോർട്ട് സർക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിച്ചാലേ സ്ഥിരീകരിക്കാനാവൂ എന്നാണ് ഫയർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും ഇന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തവും മരണങ്ങളും സംബന്ധിച്ച് വിദഗ്ധ ടീം അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post