ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രാംനഗർ പ്രദേശത്ത് കണ്ടെത്തിയ ഒരു കടുവയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. വലിപ്പം കൊണ്ട് കാണുന്നവരിൽ അതിശയം സൃഷ്ടിക്കുകയാണ് ഈ കടുവ. ഫാറ്റോ ടൂറിസം മേഖലയിൽ ചുറ്റി സഞ്ചരിക്കുന്ന നിലയിൽ കണ്ടെത്തിയ ഈ കടുവ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കടുവ ആണെന്നാണ് നിഗമനം.
ഹെർക്കുലീസ് എന്നാണ് ഈ കടുവയ്ക്ക് പ്രാദേശിക അധികാരികൾ പേര് നൽകിയിരിക്കുന്നത്. ടെറായി വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രകാശ് ആര്യ കടുവയ്ക്ക് അസാമാന്യ വലിപ്പമുണ്ടെന്ന് സ്ഥിരീകരിച്ചു. വനം വകുപ്പിലെ ഇത്രയും കാലത്തെ സർവീസിന് ഇടയിൽ ഇത്രയും വലിയ ഒരു കടവയെ താൻ കണ്ടിട്ടില്ല എന്നാണ് ഡിഎഫ്ഒ വ്യക്തമാക്കിയത്. ഈ ഭീമൻ കടുവയെ കണ്ടവരെല്ലാം തന്നെ ഇതേ രീതിയിൽ അതിശയം പങ്കുവയ്ക്കുകയാണ്.
പ്രാഥമിക നിഗമനം അനുസരിച്ച് 7 അടിയിലേറെ നീളമുണ്ട് കടുവയ്ക്ക് എന്നാണ് കണക്കാക്കിയിട്ടുള്ളത്. 300ൽ ഏറെ കിലോ തൂക്കം ഉള്ളതായും കണക്കാക്കപ്പെടുന്നു. ഈ കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും നിർണായ വിവരങ്ങൾ ശേഖരിക്കുന്നതിനും ആയി വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ നിരവധി ക്യാമറകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. പൊതുവേ ധാരാളം കടുവകളെ കാണപ്പെടുന്ന ഉത്തരാഖണ്ഡിൽ ഇത്രയും വലിയ മറ്റൊരു കടവയെ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക ഗൈഡുകളും വ്യക്തമാക്കുന്നത്.
Discussion about this post