ഇന്നലെ നടന്ന യുഎൻ സുരക്ഷാ സമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാവുന്നതിനിടെയാണ് സംഭവം. അനൗപചാരിക യോഗത്തിവ്# പാകിസ്താനെ പ്രതിക്കൂട്ടിലാക്കുന്നവണ്ണം നിരവധി ചോദ്യങ്ങളാണ് അംഗരാജ്യങ്ങൾ ഉയർത്തിയത്. 15 അംഗ സെക്യൂരിറ്റി കൗൺസിൽ അടച്ചിട്ട മുറിയിലാണ് യോഗം ചേർന്നത്.
26 പേരുടെ ജീവനെടുത്ത ആക്രമണത്തിൽ ലഷ്‌കർ ഇ ത്വയ്ബക്ക് പങ്കുണ്ടോ എന്നുൾപ്പെടെ ഐക്യരാഷ്ട്രസഭ പാകിസ്താനോട് ചേദിച്ചു. മിസൈൽ പരീക്ഷണം നടത്തിയതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ആണവഭീഷണി മുഴക്കിയതിനെ വിമർശിക്കുകയും ചെയ്തു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടെന്നും യുഎൻ നിരീക്ഷിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക് വാദം അംഗീകരിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ തയ്യാറായില്ല.
സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമാക്കി മാറ്റാനുള്ള പാകിസ്താൻ നീക്കത്തിനും യോഗത്തിൽ തിരിച്ചടി നേരിട്ടു. ഇന്ത്യയുമായുള്ള ഉഭയകക്ഷി നീക്കത്തിലൂടെ വിഷയം പരിഹരിക്കാനായിരുന്നു മറ്റ് അംഗരാജ്യങ്ങൾ നിർദേശിച്ചത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകളിൽ, സുരക്ഷ സമിതി അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിക്കുകയും ഉത്തരവാദിത്തത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.
Discussion about this post