ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ രീതിയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്താന് ശക്തമായ ഒരു സന്ദേശം നൽകിയിരിക്കുകയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജലം ഇനി ഇന്ത്യയുടെ താൽപര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് മോദി വ്യക്തമാക്കി. ഇന്ത്യ സിന്ധു നദീ ജല കരാർ റദ്ദാക്കിയതിന് പിന്നാലെയുള്ള പാകിസ്താൻ ഭീഷണികൾക്കുള്ള ചുട്ട മറുപടിയായിരുന്നു മോദിയുടെ ഈ വാക്കുകൾ.
എബിപി നെറ്റ്‌വർക്കിന്റെ ‘ഇന്ത്യ@2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്ത സംസാരിക്കുമ്പോഴായിരുന്നു മോദി നിലപാട് വ്യക്തമാക്കിയത്. പാകിസ്താന്റെ ഒരു ഭീഷണിക്കും വഴങ്ങില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ ഉറച്ചുനിൽക്കും. നേരത്തെ, ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് പോയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിന്റെ താൽപ്പര്യത്തിനായി ഒഴുകും. രാജ്യത്തിന് ഉപയോഗപ്രദമായ കാര്യങ്ങൾക്കായി അത് ഉപയോഗിക്കും എന്നും മോദി വ്യക്തമാക്കി.
വലിയ തീരുമാനങ്ങൾ എടുക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകുകയും രാജ്യത്തിന്റെ കഴിവിൽ വിശ്വസിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജിഡിപി കേന്ദ്രീകൃത സമീപനത്തിൽ നിന്ന് മൊത്തത്തിലുള്ള ജനങ്ങളുടെ ശാക്തീകരണം (ജിഇപി) അടിസ്ഥാനമാക്കിയുള്ള പുരോഗതിയിലേക്കാണ് സർക്കാർ നീങ്ങുന്നത് . ഇന്ത്യ പരിഷ്കാരങ്ങൾ നടപ്പിലാക്കുക മാത്രമല്ല, ലോകവുമായി സജീവമായി ഇടപഴകുന്നതിലൂടെ സ്വയം ഒരു ഊർജ്ജസ്വലമായ വ്യാപാര, വാണിജ്യ കേന്ദ്രമായി മാറുകയാണ് ഇപ്പോൾ ചെയ്യുന്നത് എന്നും മോദി വ്യക്തമാക്കി.
Discussion about this post