പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നൽകിയ ഓപ്പറേഷൻ സിന്ദൂരിൽ വിറച്ചിരിക്കുകയാണ് പാകിസ്താൻ. ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. പാക് പഞ്ചാബിലും പാക് അധിനിവേശ കശ്മീരിലും അടക്കം കയറിച്ചെന്നായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്.
ഇതോടെ അനുനയശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പാകിസ്താൻ. ഇന്ത്യ സൈനിക നടപടി അവസാനിപ്പിച്ചാൽ ആക്രമണം നിർത്താമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറയുന്നു.ഇന്ത്യ പിന്മാറിയാൽ തങ്ങൾ സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്ക്കെതിരെ ശത്രുതാപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ഞങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കും. ഇന്ത്യ പിന്മാറുകയാണെങ്കിൽ ഞങ്ങൾ ഉറപ്പായും സംഘർഷം ഒഴിവാക്കുമെന്നാണ് പാക് പ്രതിരോധമന്ത്രി പറയുന്നത്.
പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായി നേരത്തെ നടത്തിയ പ്രസ്താവന ആസിഫ് പിൻവലിച്ചു. ഇന്ത്യൻ സൈനികരിൽ ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി വ്യക്തമാക്കി
പഹൽഗാം ആക്രമണത്തിന് 15 ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര താവളങ്ങൾ തകർത്തത്. 9 ഭീകര കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യ തരിപ്പണമാക്കിയത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് ഇന്ത്യയുടെ വ്യോമാക്രമണത്തിൽ തകർന്നത്.
Discussion about this post