ന്യൂഡൽഹി : പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പ്രശംസയുമായി മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോശാനി. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് തന്നെ ശരിക്കും ഹൃദയത്തെ സ്പർശിച്ചു എന്ന് കോബി ശോശാനി വ്യക്തമാക്കി. ഇത് വളരെ സങ്കീർണ്ണമായ ഒരു പേരാണ്. അതേസമയം പ്രതീകാത്മകവും പ്രചോദനാത്മകവുമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം പ്രതിരോധിക്കാനുള്ള സമ്പൂർണ്ണ അവകാശം ഇന്ത്യക്കുണ്ട് എന്നും കോബി ശോശാനി അഭിപ്രായപ്പെട്ടു. സ്വയം പ്രതിരോധത്തിനുള്ള ഈ അവകാശത്തിൽ ഇസ്രായേൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. മിഡിൽ ഈസ്റ്റിലായാലും ഇന്ത്യയിലായാലും ഇന്ത്യയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും ഒരു തീവ്രവാദ പ്രവർത്തനങ്ങളെയും അനുവദിക്കില്ല. അത്തരം പ്രവർത്തനങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് തീവ്രവാദ സംഘടനകൾ അറിയേണ്ടതുണ്ട് എന്നും കോബി ശോശാനി വ്യക്തമാക്കി.
ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് ഇന്ത്യ നൽകുന്ന വളരെ വ്യക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു ഭീകര പ്രവർത്തനങ്ങളെയും ഇസ്രായേൽ പിന്തുണയ്ക്കില്ല. അത്തരം പ്രവർത്തനങ്ങൾക്ക് പ്രതികാര നടപടികളിലൂടെ മാത്രമേ മറുപടി ലഭിക്കൂ. ഈ സംഘർഷാവസ്ഥയുടെ ഭാവി എന്താകും എന്ന് അറിയില്ല. പക്ഷേ ഇന്ത്യ തീവ്രവാദികൾക്കുള്ള വ്യക്തമായ സന്ദേശമാണ് നൽകിയത് എന്നും കോബി ശോശാനി അഭിപ്രായപ്പെട്ടു.
Discussion about this post