പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ നൽകിയ മറുപടിയ്ക്ക് പകരം വീട്ടുമെന്ന് ആഗോളഭീകരസംഘടനയായ അൽ ഖ്വയ്ദ. പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അൽഖ്വയ്ദ ഭീഷണിയുയർത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ വിഭാഗമാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പ്രസ്താവന പുറത്തിറക്കിയത്.പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ കൃത്യമായി ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തെ പള്ളികൾക്കും മുസ്ലീങ്ങൾക്കുമെതിരായ ആക്രമണമെന്ന് ചിത്രീകരിച്ച് വെറുപ്പുപരത്തുന്നതാണ് അൽ ഖ്വയ്ദയുടെ പ്രസ്താവന.
പാകിസ്താൻ മണ്ണിൽ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് അൽ ഖ്വയ്ദ പറയുന്നു. ഇതിനായി പാകിസ്താന് പിന്നിൽ അണിചേരാൻ സംഘടന ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഹിന്ദുത്വ-ബിജെപി സർക്കാർ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു. നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വർഗരാജ്യം പൂകി. ഇന്ത്യൻ ഭരണകൂടം നടത്തുന്ന ക്രൂരതകളുടെ കറുത്ത അധ്യായങ്ങളിലൊന്നു കൂടിയാണ് ഈ ബോംബാക്രമണം. ഇസ്ലാമിനും മുസ്ലിങ്ങൾക്കുമെതിരായ ഇന്ത്യയുടെ യുദ്ധം പഹൽഗാം ആക്രമണത്തിന് ശേഷം ആരംഭിച്ചതല്ല, അത് പതിറ്റാണ്ടുകളായി തുടർന്നു വരുന്നതാണ്. ഇന്ത്യയിലെ മുസ്ലിങ്ങൾ കടുത്ത അടിച്ചമർത്തലാണ് നേരിടുന്നത്. ഹിന്ദുത്വ ശക്തികൾ നയിക്കുന്ന ഇന്ത്യൻ സർക്കാർ ഈ ഉപഭൂഖണ്ഡത്തിൽ നിന്നും മുസ്ലിങ്ങളെ നിർമ്മാർജ്ജനം ചെയ്യാനായി സൈനികവും, രാഷ്ട്രീയവും, സാംസ്‌കാരികവുമായ പരിശ്രമത്തിലാണ്.
ഈ സാഹചര്യത്തിൽ ഇസ്ലാമിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങേണ്ടത് ഓരോ മുസ്ലിം പോരാളികളുടേയും കടമയാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണങ്ങൾക്കെതിരെ പ്രതികാരം ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
Discussion about this post