ന്യൂഡൽഹി : പഞ്ചാബിലെ അമൃത്‌സറിലേക്ക് പാകിസ്താൻ മിസൈലുകൾ അയച്ചതായി റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തകർന്ന മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യൻ സൈന്യം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്. അമൃത്സർ പോലീസ് സൂപ്രണ്ട് മനീന്ദർ സിംഗ് , മിസൈൽ ഭാഗങ്ങൾ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൈന്യത്തെ അറിയിച്ചെന്നും സ്പെഷ്യൽ ടീമെത്തി ഭാഗങ്ങൾ ശേഖരിച്ചതായും മനീന്ദർ സിംഗ് വ്യക്തമാക്കി. അമൃത്‌സറിൽ ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷം പത്ത് മിനിറ്റിനകം ആറോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. അപ്പോൾ തന്നെ വൈദ്യുതി നിർത്തിവെച്ചെന്നും പ്രദേശവാസികൾ പറയുന്നു.
പാകിസ്താൻ മിസൈലുകളെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. പാകിസ്താനിലേക്ക് ഇന്ത്യ അയക്കുന്ന ഡ്രോണുകൾ പലയിടത്തും വൻ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. പാകിസ്താനിലെ സാധാരണക്കാർ സർക്കാരിനെതിരെ തിരിയുന്നുവെന്നും പാകിസ്താനിൽ നിന്ന് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യ 9 നഗരങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് പാകിസ്താൻ സൈനിക വക്താവ് വ്യക്തമാക്കുന്നത്.
Discussion about this post