ശ്രീനഗർ : ജമ്മുകശ്മീരിലെ റിയാസിയിലെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെയും ബാഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെയും ഷട്ടറുകൾ ഇന്ത്യ തുറന്നു. മേഖലയിലുടനീളം കനത്ത മഴയെത്തുടർന്ന് ഉയരുന്ന ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ഈ നടപടിയെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. എന്നാൽ ഇന്ത്യ ഈ ഷട്ടറുകൾ തുറന്നതോടെ പാകിസ്താൻ കടുത്ത ആശങ്കയിലായിരിക്കുകയാണ്.
ഇന്ത്യ കൂടുതൽ ജലം തുറന്നു വിടുന്നതോടെ പാകിസ്താനിൽ പ്രളയ സാധ്യത ഉണ്ടാകുന്നതാണ്. സലാൽ അണക്കെട്ടിന്റെ മൂന്ന് ഗേറ്റുകളും ബാഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിലെ രണ്ട് ഗേറ്റുകളും ആണ് നിലവിൽ ഇന്ത്യ തുറന്നിട്ടുള്ളത്. ഇതിനകം തന്നെ പാകിസ്താനിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് വെള്ളം കയറിയതായി റിപ്പോർട്ടുകൾ ഉള്ളത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി ഇന്ത്യൻ മരവിപ്പിച്ചിരിക്കുന്നതിനാൽ പാകിസ്താന് നേരത്തെ നിർദ്ദേശം നൽകാതെയാണ് ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുള്ളത്. ഖാരിഫ് വിളകളുടെ വിളവെടുപ്പ് സമയമായതിനാൽ പ്രദേശത്ത് വെള്ളം കയറുന്നത് പാകിസ്താന് കനത്ത കാർഷിക നഷ്ടമായിരിക്കും ഉണ്ടാവും. ഇന്ത്യ കൂടുതൽ വെള്ളം തുറന്നുവിടുന്നത് പ്രളയ സാധ്യത ഉണ്ടാക്കുമെന്നും പാകിസ്താന് ആശങ്കയുണ്ട്.
Discussion about this post