ന്യൂഡൽഹി : പാകിസ്താൻ അയച്ച നാനൂറോളം ഡ്രോണുകൾ തുർക്കിയുടേതാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. തുർക്കി കമ്പനിയായ അസിസ് ഗാർഡ് നിർമ്മിച്ച സോംഗർ ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയിലേക്ക് ആക്രമണത്തിന് അയച്ചത്. തുർക്കി തദ്ദേശീയമായി നിർമ്മിച്ചതാണ് ഈ ഡ്രോണുകൾ. മറ്റ് രാജ്യങ്ങൾക്ക് ഇവ കയറ്റി അയക്കുന്നുണ്ടെന്നാണ് റീപ്പോർട്ടുകൾ.
45 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് സോംഗർ ഡ്രോണുകൾ. 25 മിനുട്ട് വരെ പറക്കാൻ ശേഷിയുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലും തറയിൽ നിന്ന് മുന്നൂറു മീറ്റർ ഉയരത്തിലും ഇതിന് പറക്കാൻ ശേഷിയുണ്ട്. മൂന്ന് കിലോമീറ്റർ ദൂരപരിധിയുള്ള ഡ്രോണുകൾക്ക് അഞ്ച് കിലോമീറ്റർ വരെ ദൂര പരിധി ഉയർത്താൻ കഴിയും. -20 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി കൊടും ചൂടു വരെ താങ്ങാൻ സോംഗറിനു കഴിയും.
സിംഗിൾ മോഡിൽ 200 റൗണ്ടും ബസ്റ്റ് മോഡിൽ 15 റൗണ്ടും പ്രഹര ശേഷിയുള്ള അസോൾട്ട് റൈഫിൾ ആണ് സോംഗറിന്റെ പ്രധാന ആയുധം. അരകിലോമീറ്റർ ദൂരപരിധിയുള്ള ഗ്രനേഡുകളും ഇതിൽ ഉപയോഗിക്കാൻ കഴിയും. മോർട്ടാറുകളും മിനി മിസൈൽ സിസ്റ്റവും സോംഗറിനുണ്ട്.
വിദൂര നിയന്ത്രിതമായും സ്വയം നിയന്ത്രിതമായും സോംഗർ ഉപയോഗിക്കാൻ കഴിയും. ബാറ്ററി ചാർജ് കഴിയാറായാൽ തിരിച്ചെത്താൻ കഴിയുന്ന സംവിധാനവും സോംഗറിനുണ്ട്. രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ക്യാമറയും തോക്കിൽ ഘടിപ്പിച്ച ക്യാമറയും ഈ ഡ്രോണിലുണ്ട്.
ഇത്തരത്തിലുള്ള 400 ഓളം ഡ്രോണുകളാണ് നശീകരണത്തിനായി പാകിസ്താൻ ഇന്ത്യയിലേക്ക് അയച്ചത്. എന്നാൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സോംഗറുകളെ നിശ്ശേഷം തകർത്തുകളയുകയായിരുന്നു.
Discussion about this post