ഇന്ത്യ-പാകിസ്താൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരസേനാമേധാവിയ്ക്ക് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 32 ബറ്റാലിയനുകളാണ് ടെറിട്ടോറിയൽ ആർമിക്കുള്ളത്. ഇതിൽ 14 ബറ്റാലിയനുകളിൽ നിന്ന് ആവശ്യമെങ്കിൽ എന്റോൾ ചെയ്തിട്ടുള്ള ഓഫീസർമാരെ വിനിയോഗിക്കാനാണ് അനുമതി.
ഇതോടെ എന്താണ് ടെറിട്ടോറിയൽ ആർമി എന്ന ചോദ്യമാണ് സാധാരണക്കാർക്കിടയിൽ ഉയരുന്നത്. 1948ലെ ടെറിട്ടോറിയൽ ആർമി നിയമങ്ങളിലെ റൂൾ 33 അനുസരിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ടെറിട്ടോറിയൽ ആർമിയിലെ എല്ലാ ഉദ്യോഗസ്ഥരെയും എൻറോൾ ചെയ്ത ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം ഗാർഡ് ഡ്യൂട്ടിക്കോ അല്ലെങ്കിൽ സാധാരണ സായുധ സേനയെ പിന്തുണയ്ക്കുന്നതിനും വിളിക്കാൻ കരസേനാ മേധാവിയെ സർക്കാർ അധികാരപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്‌സ് ആണ് ടെറിട്ടോറിയൽ ആർമി. ഇന്ത്യൻ ആർമിയുടെ ആൻസിലറി യൂണിറ്റായാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനം. മുഴുവൻ സമയ സൈനിക സേവനം ചെയ്യുന്നവരേക്കാൾ വ്യത്യസ്തമായി, ഇത് പാർട്ട് ടൈം സേവനമെന്ന നിലയിലാണ് ശ്രദ്ധേയമായിരിക്കുന്നത്.
ടെറിട്ടോറിയൽ ആർമിയിലെ അംഗങ്ങൾക്ക് സാധാരണ ജോലിയും പ്രൊഫഷണൽ ജീവിതവും തുടരാൻ അവസരം നൽകുന്നുണ്ട്. യുദ്ധ സമയത്തും മറ്റു അടിയന്തര സാഹചര്യങ്ങളിലും അംഗങ്ങളെ സജീവ ഡ്യൂട്ടിയിലേക്ക് വിളിപ്പിക്കും. മുഴുവൻ സമയ സൈനികരെ സഹായിക്കുക വഴി സൈനിക ശക്തി കൂട്ടുകയാണ് ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ ഉത്തരവാദിത്തം. പ്രൊഫഷണലുകൾക്കും ബിസിനസ്സുകാർക്കും ജോലിയിൽ തുടരാൻ അവസരം നൽകുകയും രാജ്യസേവനത്തിനായി ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകാനും അവസരം നൽകുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥർക്ക് സമാനമായ റാങ്കുകൾ നൽകി പ്രമുഖരെ ആദരിക്കുന്നത് ടെറിട്ടോറിയൽ ആർമി മുഖേനയാണ്. മോഹൻലാൽ,ധോണി,സച്ചിൻ,കപിൽദേവ്,മുൻ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ,തുടങ്ങിയ പ്രമുഖർ ടെറിട്ടേറിയൽ ആർമിയിലെ അംഗങ്ങളാണ്
ആർമിയുടെ സഹായത്തിനുള്ള രണ്ടാംനിര സംവിധാനം എന്ന നിലയിൽ 1920ലാണ് ഇന്ത്യൻ ടെറിട്ടോറിയൽ ഫോഴ്സിന് തുടക്കമിട്ടത്. അന്നത്തെ സൈനിക മേധാവിയായിരുന്ന സർ ചാൾസ് മൺറോ ആയിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അവതരിപ്പിച്ചത്. യൂറോപ്യൻസും ആംഗ്ലോ ഇന്ത്യക്കാരും ഉൾപ്പെടുന്ന ഓക്സിലറി ഫോഴ്സും ഇന്ത്യക്കാർ ഉൾപ്പെടുന്ന ഇന്ത്യൻ ടെറിട്ടോറിയൽ ഫോഴ്സും ചേർന്നതായിരുന്നു ആ സേന. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടടുത്ത വർഷം ടെറിട്ടോറിയൽ ആർമി സ്ഥാപിതമായി. എന്നാൽ 1949ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. ഡിപ്പാർട്മെന്റൽ, നോൺ ഡിപ്പാർട്മെന്റൽ വിഭാഗങ്ങളിലായി 65 യൂണിറ്റുകളായാണ് ഇവരുടെ പ്രവർത്തനം. ആർമിയിൽ നിന്ന് നിയോഗിക്കുന്ന ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഡയറക്ടർ ജനറലാണ് സേനയുടെ മേധാവി. ആർമിയുടേതിന് തുല്യമായി റാങ്ക് സംവിധാനം തന്നെയാണ് ഇവിടെയും ഉള്ളത്. സേനയിൽ അംഗമാകുന്നവർ ഒരുവർഷത്തിൽ രണ്ടുമാസം സേവനം ചെയ്യേണ്ടത് നിർബന്ധമാണ്.
സാധാരണക്കാർക്ക് ടെറിട്ടോറിയൽ ആർമിയിൽ ചേരാൻ മൂന്ന് ഘട്ടങ്ങളാണുള്ളത്. പ്രാഥമിക അഭിമുഖ ബോർഡ് (PIB), സർവീസസ് സെലക്ഷൻ ബോർഡ് (SSB), വൈദ്യപരിശോധന. ടെറിട്ടോറിയൽ ആർമി സെലക്ഷൻ പ്രക്രിയയുടെ ഓരോ ഘട്ടവും ഉദ്യോഗാർത്ഥികൾ വിജയകരമായി പൂർത്തിയാക്കണം. ഒരു ഘട്ടത്തിലും പരാജയപ്പെടുന്ന ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
ടെറിട്ടോറിയൽ ആർമി സെലക്ഷൻ പ്രക്രിയ അനുസരിച്ച്, രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികളെയും എഴുത്ത് പരീക്ഷയിൽ പങ്കെടുക്കാൻ വിളിക്കും. പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ അവരുടെ പ്രാദേശിക ടെറിട്ടോറിയൽ ആർമി പ്രിലിമിനറി ഇന്റർവ്യൂ ബോർഡ് (PIB) ബന്ധപ്പെടുന്നു. അന്തിമ തിരഞ്ഞെടുപ്പിന് ശേഷം, യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒരു സർവീസ് സെലക്ഷൻ ബോർഡിലും (SSB) മെഡിക്കൽ ബോർഡിലും കൂടുതൽ പരീക്ഷകൾ നടത്തുകയും ചെയ്യും.
യോഗ്യത
18 മുതൽ 42 വയസ്സ് വരെയാണ് ടെറിട്ടോറിയൽ ആർമിയുടെ പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. പ്രത്യേക വിദ്യാഭ്യാസ പശ്ചാത്തലം ആവശ്യമില്ല. ഇന്ത്യക്കാരായിരിക്കണം.
പരിശീലനം
ആദ്യ വർഷത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഒരു മാസത്തെ അടിസ്ഥാന പരിശീലനം നൽകുകയും എല്ലാ വർഷവും ആദ്യവർഷമുൾപ്പെടെ രണ്ട് മാസത്തെ വാർഷിക പരിശീലന ക്യാമ്പും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് ആദ്യ രണ്ട് വർഷത്തിനുള്ളിൽ ഡെറാഡൂണിലെ ഐഎംഎയിൽ മൂന്ന് മാസത്തെ പോസ്റ്റ്കമ്മീഷനിംഗ് പരിശീലനവും നൽകും.
Discussion about this post