ന്യൂഡൽഹി : സൈനിക സാമഗ്രികൾ അടങ്ങുന്ന ചരക്ക് വിമാനം പാകിസ്താനിലേക്ക് അയച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ചൈന. ചൈനയുടെ ഏറ്റവും വലിയ സൈനിക ചരക്ക് വിമാനം പാകിസ്താനിലേക്ക് ആയുധങ്ങൾ എത്തിച്ചു നൽകി എന്ന റിപ്പോർട്ട് ആണ് ചൈന തള്ളിയത്. അത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് (പിഎൽഎഫ്) സിയാൻ വൈ -20 എന്ന സൈനിക ഗതാഗത വിമാനത്തിൽ പാകിസ്താനിലേക്ക് എത്തിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഫോട്ടോകളുടെയും കുറിപ്പുകളുടെയും നിരവധി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് പിഎൽഎഫ് ഈ വാർത്ത അസത്യം ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്റർനെറ്റ് നിയമത്തിന് അതീതമല്ലെന്നും സൈന്യവുമായി ബന്ധപ്പെട്ട കിംവദന്തികൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ നിയമപരമായി ശിക്ഷ അനുഭവിക്കേണ്ടിവരും എന്നും പിഎൽഎഫ് വ്യക്തമാക്കി.
2020 മുതൽ 2024 വരെയുള്ള കാലയളവിൽ പാകിസ്താന്റെ ആയുധ സംഭരണത്തിന്റെ 81 ശതമാനവും ചൈനയിൽ നിന്നുമായിരുന്നു. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് പാകിസ്താന്റെ ഏറ്റവും വലിയ ആയുധവിതരണക്കാരാണ് ചൈന. പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന ആശ്രയമായ ജെ-17 വിമാനങ്ങൾ ഇരു രാജ്യങ്ങളും സംയുക്തമായാണ് നിർമ്മിക്കുന്നത്.
Discussion about this post