ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ ഇട്ട ചൈനീസ് പ്രകോപനത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ. പേരുമാറ്റിയത് കൊണ്ട് യാഥാർത്ഥ്യം മാറില്ലെന്നും ചൈനയുടെ പ്രവൃത്തി അസംബന്ധമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ചൈനയുടെ നീക്കം തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ ഇന്ത്യയ്‌ക്കൊരു നിലപാടുണ്ട്. കൃത്രിമമായ പേരിടലിലൂടെ അവിടുത്തെ യാഥാർഥ്യത്തിൽ മാറ്റം വരുത്താനാകില്ല. അരുണാചൽ പ്രദേശ് ഇന്നലെയും ഇന്നും ഇന്ത്യയുടെ അവിഭാജ്യവും അനിഷ്യേധ്യവുമായ ഭാഗമാണ്. അത് എല്ലായ്‌പ്പോഴും അങ്ങനെ ആയിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇതിന് മുൻപും അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് സ്വന്തം പേരുകൾ നൽകി ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. ചൈനയുടെ ഭാഗമായ ടിബറ്റൻ പ്രവിശ്യയുടെ ഭാഗമാണ് അരുണാചൽ പ്രദേശെന്നാണ് അവരുടെ അവകാശവാദം. അരുണാചലിന്റെ ചില ഭാഗങ്ങൾ ടിബറ്റിന്റെ തെക്കൻ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
Discussion about this post