ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന ജലപങ്കിടൽ കരാറായ സിന്ധുനദീജല ഉടമ്പടി താത്ക്കാലികമായി നിർത്തി വയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന അഭ്യർത്ഥനയുമായി പാക് ജലവിഭവമന്ത്രാലയം. കരാർ താൽക്കാലികമായി നിർത്താനുള്ള തീരുമാനം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. പാകിസ്താനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. രക്തവും ജലവും ഒന്നിച്ചൊഴുകില്ലെന്നായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക അതിർത്തി കടന്നുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെയ്ക്കുന്നത്. 64 വർഷം പഴക്കമുള്ള ഈ കരാർ കറാച്ചിയിൽ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും കടന്നത്.
സിന്ധു നദീജല കരാർ എന്ന് തോന്നുമെങ്കിലും ഇതിലെ വലിയ ഗുണഭോക്താവ് പാകിസ്താനാണ്. മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയും ബാക്കി വരുന്ന ജലപ്രവാഹത്തിന്റെ 80 ശതമാനം പാകിസ്താനുമാണ് സ്വീകരിച്ചുവരുന്നത്. പാകിസ്താനിലെ, പ്രത്യേകിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷിക്ക് ഈ നദികളിലെ ജലം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ കരാർ റദ്ദാക്കുന്നത് പാകിസ്താന്റെ പ്രധാന വരുമാന ശ്രോതസായ കൃഷിയെ ബാധിക്കും.
Discussion about this post