പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിലേക്ക് ശശി തരൂരിനെ കോൺഗ്രസ് നിർദേശിച്ചില്ലെന്ന് സ്ഥിരീകരണം. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് പാർട്ടിനിർദ്ദേശിച്ച ലിസ്റ്റ് സോഷ്യൽമീഡിയയിലൂടെ പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്.
ഇതെല്ലാം തള്ളിയാണ് കേന്ദ്ര സർക്കാർ ശശി തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്.വിദേശകാര്യ പാർലമെൻററി സമിതിയുടെ ചെയർമാൻ, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്ട്രീയം മാറ്റി വച്ച് തരൂരിനെ പരിഗണിച്ചതിനുള്ള ഘടകങ്ങൾ.
ഈ മാസം 22 മുതൽ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള എംപിമാരും മുൻ മന്ത്രിമാരും ഉൾപ്പെടുന്ന സമിതിയാകും സന്ദർശിക്കുക.കേരളത്തിൽ നിന്ന് ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിനു ബിജെപി എംപി രവിശങ്കർ പ്രസാദ് നേതൃത്വം നൽകും. മുൻ മന്ത്രി സൽമാൻ ഖുർഷിദ് ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി), ഏക്‌നാഥ് ഷിൻഡെ (ശിവസേന) എന്നിവരും ഓരോ സംഘങ്ങളെ നയിക്കും.
Discussion about this post