ന്യൂഡൽഹി : ഗവർണർമാരുടെ അധികാരപരിധി ചോദ്യം ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി നടത്തിയ പരാമർശങ്ങളെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഈ ആവശ്യമുന്നയിച്ച് സ്റ്റാലിൻ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. തമിഴ്നാട് സർക്കാരും ഗവർണറും തമ്മിൽ ബില്ലുകൾ പാസാക്കുന്നതിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 8 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ രാഷ്ട്രപതി ദ്രൗപതി മുർമു ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
പശ്ചിമ ബംഗാൾ, കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന, കേരളം, ജാർഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി കത്തെഴുതിയിട്ടുള്ളത്. രാഷ്ട്രപതി ദ്രൗപതി മുർമു 2025 മെയ് 13 ന് ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം 14 ചോദ്യങ്ങൾ സുപ്രീം കോടതിക്ക് റഫർ ചെയ്തതായി കത്തിൽ സൂചിപ്പിക്കുന്നു. ഈ വിഷയത്തിലെ രാഷ്ട്രപതിയുടെ ഇടപെടലിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെടുന്നത്.
ഭരണഘടനാപരമോ നിയമപരമോ ആയ കാരണങ്ങളില്ലാതെ ബില്ലുകൾക്ക് അനുമതി നൽകുന്നത് ഗവർണർമാർ വൈകിപ്പിക്കുകയാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആർട്ടിക്കിൾ 200 (ഗവർണറുടെ അധികാരങ്ങൾ), ആർട്ടിക്കിൾ 201 (പ്രസിഡന്റിന്റെ അധികാരങ്ങൾ) എന്നിവ ബില്ലുകൾക്ക് അനുമതി നൽകുന്നതിനോ തടഞ്ഞുവയ്ക്കുന്നതിനോ ഒരു സമയപരിധിയോ നടപടിക്രമമോ നിർദ്ദേശിക്കുന്നില്ലെന്നാണ് രാഷ്ട്രപതി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ചില മുൻകാല തീരുമാനങ്ങൾ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ നൽകിയിട്ടുണ്ടെന്നും അതിന് വ്യക്തത ആവശ്യമാണെന്നും രാഷ്ട്രപതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post