ഡല്‍ഹി: ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ വനപ്രദേശങ്ങളിലെവിടെയോ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പരിശീലന ക്യാംപ് പ്രവര്‍ത്തിക്കുന്നതായി ഡല്‍ഹി പൊലീസ്. ഇന്ത്യയില്‍ അല്‍ ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സംശയിക്കുന്ന മൗലാന അബ്ദുല്‍ റഹ്മാന് കാസ്മിയാണ് പരിശീലന ക്യാംപ് സജ്ജമാക്കിയതെന്നും ഡല്‍ഹി പൊലീസ് കോടതിക്കു മുന്‍പാകെ വ്യക്തമാക്കി.
കാസ്മിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ജൂണ്‍ 10 വരെ നീട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയില്‍ പൊലീസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പിടിയിലായ കാസ്മിയില് നിന്നും പരിശീലന ക്യാംപ് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ വനപ്രദേശത്തെവിടെയോ ആണിത്. എന്നാല്‍ ഇതുവരെ അതെവിടെയാണെന്നു കണ്ടുപിടിക്കാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം എത്രയും പെട്ടെന്ന് തന്നെ സ്ഥലം കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.
കാസ്മിയുമായി ബന്ധമുള്ള ചിലരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഷ്കറെ തയിബയ്ക്കും അല്‍ഖായിദയ്ക്കും ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതില്‍ കാസ്മിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ചേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
Discussion about this post