ലഖ്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ക്ഷേത്ര സമുച്ചയത്തിന്റെയും മുഴുവൻ നിർമ്മാണ പ്രവൃത്തികളും ജൂൺ ആദ്യവാരത്തോടെ പൂർത്തിയാകുമെന്ന് രാം മന്ദിർ ട്രസ്റ്റ്. ജൂൺ അഞ്ചിന് ക്ഷേത്രത്തിലെ ‘രാം ദർബാർ’ സമർപ്പണം നടക്കും. ആത്മീയ നേതാക്കൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്ന് ശ്രീരാമ ജന്മഭൂമി നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള വിഐപികളോ രാഷ്ട്രീയ നേതാക്കളോ ‘രാം ദർബാർ’ സമർപ്പണച്ചടങ്ങിൽ പങ്കെടുക്കില്ല. പൂർണ്ണമായും ആത്മീയ നേതാക്കൾക്ക് മാത്രമായുള്ള ചടങ്ങാണ് നടത്തുന്നത്. രാം ദർബാർ സമർപ്പണ ചടങ്ങിനുശേഷം ഒരു ആഴ്ചയ്ക്കുള്ളിൽ ക്ഷേത്രത്തിന്റെ പുതുതായി പൂർത്തിയാക്കിയ ഭാഗം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
അയോധ്യയിൽ 20 കിലോമീറ്റർ നീളമുള്ള പുതിയ ‘ഭാരത് പാത’ ഉടൻ നിർമ്മിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 900 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. ‘രാം പാത’, ‘ഭക്തി പാത’, ‘ജന്മഭൂമി പാത’ എന്നിവയുടെ വികസനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ ‘ഭാരത് പാത’ ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post