ദുഷാൻബെ : സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ ഏകപക്ഷീയ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യ ജലത്തെ പോലും ആയുധമാക്കുകയാണ്. ഇപ്പോൾ പാകിസ്താൻ ഗാസയുടെ അവസ്ഥയിലാണ് ഉള്ളത്. ദശലക്ഷക്കണക്കിന് പേരുടെ ജീവൻ അപകടത്തിൽ ആക്കുന്ന ചുവപ്പുരേഖ കടക്കാൻ ഇന്ത്യയെ അനുവദിക്കില്ല എന്നും പാകിസ്താൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാൻബെയിൽ ഹിമാനി സംരക്ഷണത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം സൂചിപ്പിച്ചത്. ഗാസയിൽ പരമ്പരാഗതമായ ആയുധങ്ങൾ കൊണ്ടുണ്ടാകുന്ന മുറിവുകൾ ലോകം കണ്ടു കഴിഞ്ഞു. എന്നാൽ ഇപ്പോൾ അതുകൂടാതെ ജലത്തിന്റെ ആയുധവൽക്കരണം എന്ന ഭയാനകമായ ഒരു പുതിയ തകർച്ചയ്ക്ക് നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണെന്ന് സമ്മേളനത്തിൽ ഷെരീഫ് സൂചിപ്പിച്ചു.
പാകിസ്താൻ പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി കടന്നുള്ള ഭീകരതയും 1960 ലെ ഉടമ്പടിയുടെ ആവർത്തിച്ചുള്ള ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചത്. സ്വന്തം മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ പാകിസ്താൻ തുടരുന്ന നിഷ്ക്രിയത്വത്തിനുള്ള മറുപടിയാണ് അതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post