ടെൽ അവീവ് : ആധുനിക യുദ്ധ രീതികളിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ച സാങ്കേതിക വിജയം സ്വന്തമാക്കി ഇസ്രായേൽ. ലേസർ ആയുധം ഉപയോഗിച്ച് ശത്രു ഡ്രോണുകളെ വെടിവച്ചിടുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇസ്രായേൽ. ഗാസയിലെ യുദ്ധക്കളത്തിൽ ഇസ്രായേൽ വ്യോമസേന വിന്യസിച്ച ഒരു പ്രോട്ടോടൈപ്പ് ലേസർ എയർ ഡിഫൻസ് സിസ്റ്റം ആണ് ഈ സുപ്രധാന വിജയം സ്വന്തമാക്കിയത്.
ഇസ്രായേൽ വ്യോമസേനയുടെ ഏരിയൽ ഡിഫൻസ് അറേ ലേസർ എയർ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച ശത്രു രാജ്യത്തിന്റെ ഡ്രോണുകളെ വിജയകരമായി വെടിവെച്ചിട്ടു. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ആണ് ഈ ലേസർ ആയുധം വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ഒരു രാജ്യവും ഇന്നുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഒന്നാണ് ഈ ലേസർ ആയുധം എന്നുള്ളത് ഇസ്രായേലിന്റെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു.
ഡ്രോണുകൾ പോലുള്ള വ്യോമ ഭീഷണികളെ കടുത്ത ചൂട് ഉപയോഗിച്ച് നശിപ്പിക്കുന്നതിന് ഒരു കേന്ദ്രീകൃത പ്രകാശകിരണം ഉപയോഗിക്കുന്നതാണ് പ്രോട്ടോടൈപ്പ് ലേസർ എയർ ഡിഫൻസ് സിസ്റ്റം. പരമ്പരാഗത മിസൈൽ ഇന്റർസെപ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി ചെറുതും വിലകുറഞ്ഞതുമായ ലക്ഷ്യങ്ങൾക്കെതിരെ കുറഞ്ഞ ചെലവിലും വേഗത്തിലുള്ള പ്രതികരണത്തിനും ലേസർ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതാണ്.
ഒരു യഥാർത്ഥ യുദ്ധത്തിൽ ഇത്രയും ശക്തമായ ലേസർ ബീം ഉപയോഗിക്കുന്നത് ഇതാദ്യമാണെന്നും അത് വിജയകരമായി നടപ്പിലാക്കി എന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ബ്രിഗേഡിയർ ജനറൽ ജൂഡ എൽമകായസ് വ്യക്തമാക്കി.
Discussion about this post