ധാക്ക : ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ആണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ‘ജൂലൈ വാരിയേഴ്‌സിന്’ 5.25 ലക്ഷം ടാക്ക വരെയുള്ള വരുമാനത്തിന് വ്യക്തിഗത നികുതി ഇളവ് അനുവദിച്ചതായാണ് സർക്കാർ വ്യക്തമാക്കുന്നത്.
1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പരിക്കേറ്റ സ്വാതന്ത്ര്യ സമര സേനാനികൾക്കും സമാനമായ നികുതി ഇളവ് ലഭിക്കുമെന്നും ബംഗ്ലാദേശ് സർക്കാർ അറിയിച്ചു. 2024 ഓഗസ്റ്റിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകൂടത്തെ അട്ടിമറിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്ത 1,401 ‘ജൂലൈ വാരിയേഴ്‌സ്’ന്റെ പട്ടിക ഫെബ്രുവരിയിൽ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഈ പട്ടികയിൽ ഉള്ളവർക്കാണ് നികുതിയിളവ് ലഭിക്കുക.
ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ആദ്യ ബജറ്റിലാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹമ്മദ് ആണ് ബജറ്റ് അവതരിപ്പിച്ചത്. 2026–27 സാമ്പത്തിക വർഷം മുതൽ രണ്ട് വർഷത്തേക്ക് മാത്രമാണ് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ കുടുംബങ്ങൾക്ക് സാമ്പത്തിക അലവൻസുകൾ നൽകുന്നതിനുള്ള ഒരു നയം ഉടൻ അവതരിപ്പിക്കുമെന്നും ബംഗ്ലാദേശിന്റെ ധനകാര്യ ഉപദേഷ്ടാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post