ഇസ്ലാമാബാദ് : പാകിസ്താനിൽ 17 വയസ്സുകാരിയായ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ ആളാണ് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്. ചിത്രാലിലെ ടിക് ടോക്ക് താരം സന യൂസഫ് (17) ആണ് കൊല്ലപ്പെട്ടത്. അജ്ഞാതനായ ആക്രമി ആണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സുമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സെക്ടർ ജി -13 ലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വളരെ അടുത്തുനിന്നാണ് വെടി വച്ചിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ആരാണ് പ്രതി എന്ന് പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പാകിസ്താനിൽ ടിക് ടോക് വീഡിയോകളിലൂടെ ഏറെ ശ്രദ്ധേയയായ പെൺകുട്ടിയാണ് സന യൂസഫ്. നിരവധി ഫോളോവേഴ്സും ഇവർക്ക് ഉണ്ടായിരുന്നു. പാകിസ്താനിൽ സോഷ്യൽ മീഡിയ താരങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് സന യൂസഫ് കൊലപാതകം. ഈ വർഷം ആദ്യം ക്വറ്റയിൽ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ സ്വന്തം കുടുംബം തന്നെ കൊലപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ ഉപയോഗത്തിലുള്ള ദുരഭിമാനം മൂലം പിതാവും അമ്മയുടെ സഹോദരനും ചേർന്നാണ് ഈ പെൺകുട്ടിയെ വെടിവെച്ചു കൊന്നത്.
Discussion about this post