ശ്രീനഗർ : ജമ്മു കശ്മീരിൽ സർക്കാർ സർവീസിന്റെ മറവിൽ തീവ്രവാദ ബന്ധം പുലർത്തി വന്നിരുന്ന മൂന്ന് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആണ് തീവ്രവാദ ബന്ധം കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ഉത്തരവിട്ടത്. ആർട്ടിക്കിൾ 311(2)(c) പ്രകാരമാണ് നടപടി.
പോലീസിൽ കോൺസ്റ്റബിളായിരുന്ന മാലിക് ഇഷ്ഫാഖ് നസീർ, സ്കൂൾ വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകനായിരുന്ന അജാസ് അഹമ്മദ്, ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജൂനിയർ അസിസ്റ്റന്റ് ആയിരുന്ന വസീം അഹമ്മദ് ഖാൻ എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്. ഭീകര പ്രവർത്തനങ്ങളിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളാകുക, രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തുക, ഭീകര സംഘടനകൾക്ക് സഹായം നൽകുക എന്നീ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകളുടെയും ഇന്റലിജൻസ് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തീവ്രവാദ ബന്ധമോ രാജ്യവിരുദ്ധ പ്രവർത്തനമോ ആയി ബന്ധപ്പെട്ടുള്ള കേസുകളിൽ അന്വേഷണം കൂടാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പാണ് ആർട്ടിക്കിൾ 311(2)(c). ഇത് പ്രകാരമാണ് ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാന സർക്കാർ സർവീസുകളിലുള്ള ഈ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട മൂന്നുപേർക്കും എതിരെ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post