ഇസ്ലാമാബാദ് : ഞായറാഴ്ച മുതൽ പാകിസ്താനിലെ പല മേഖലകളിലും ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഈ പ്രകൃതിദുരന്തത്തെ ചില കുറ്റവാളികൾ മുതലെടുത്തതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് ജയിൽ ഒഴിപ്പിക്കുന്നതിനിടെ 216 തടവുകാർ ഓടിരക്ഷപ്പെട്ടതായാണ് ജയിൽ അധികൃതർ വിശദീകരിക്കുന്നത്.
കറാച്ചിയിലെ മാലിർ ജയിലിലാണ് ഈ സംഭവം നടന്നത്. ഭൂകമ്പത്തെ തുടർന്ന് പെട്ടെന്ന് തന്നെ ജയിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതാണ് തടവുപുള്ളികൾക്കു രക്ഷപ്പെടാനുള്ള അവസരം സൃഷ്ടിച്ചത്. ഈ അരാജകത്വത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു തടവുകാരൻ മരിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ജയിലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാകിസ്താൻ മാധ്യമങ്ങൾ നൽകുന്ന ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം പോലീസുകാർ വെടിയുതിർക്കുകയും തടവുകാർ ഓടിപ്പോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് ഈ ജയിലിൽ പാർപ്പിച്ചിരുന്നത്. ഇവരിൽ പല കുറ്റവാളികളും മാനസിക പ്രശ്നങ്ങൾ കൂടിയുള്ളവരാണ്.
ജയിൽ ഒഴിപ്പിക്കലിനിടെ ഓടിരക്ഷപ്പെട്ട കുറ്റവാളികളിൽ ഏതാനും പേരെ പോലീസ് കണ്ടെത്തി തിരികെ എത്തിച്ചിട്ടുണ്ട്. എന്നാൽ 135 പേർ ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച മുതൽ കറാച്ചിയിൽ 16 നേരിയ ഭൂകമ്പങ്ങൾ ആണ് ഉണ്ടായത്. മാലിർ ജയിലിന്റെ പരിസരപ്രദേശങ്ങളിലാണ് ഭൂചലനങ്ങൾ അനുഭവപ്പെട്ടത് എന്നുള്ളതിനാലാണ് അധികൃതർ ജയിൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ചത്.
Discussion about this post