ന്യൂഡൽഹി : ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി വ്യക്തമാക്കി ആം ആദ്മി പാർട്ടി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ സഖ്യത്തിൽ ചേർന്നിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് സഖ്യം എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു എന്ന് എഎപി ദേശീയ മാധ്യമ ഇൻ-ചാർജ് അനുരാഗ് ധണ്ട വ്യക്തമാക്കി.
രാഹുൽഗാന്ധി മോദിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അനുരാഗ് ധണ്ട ആരോപിച്ചു. രാഹുൽ ഗാന്ധി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ മോദിക്ക് ഗുണകരമാകുന്നവയാണ്. ഇതിന് പകരമായി, മോദി ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതിൽ നിന്ന് രക്ഷിക്കുന്നു. ഈ രണ്ടു പാർട്ടികളും തമ്മിൽ അഴിമതി നിറഞ്ഞ രഹസ്യമായ ഒരു കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നും ആം ആദ്മി പാർട്ടി വക്താവ് അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയും മോദിയും വേദിയിൽ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം, പക്ഷേ സത്യം എന്തെന്നാൽ അവർ പരസ്പരം രാഷ്ട്രീയ നിലനിൽപ്പിന് സഹായിക്കുന്നവരാണ്. കോൺഗ്രസിന്റെ ദുർബലമായ രാഷ്ട്രീയം ആണ് ബിജെപിയെ ശക്തിപ്പെടുത്തുന്നത്. കോൺഗ്രസ് നൽകുന്ന ഈ സഹായത്തിന് പകരമായി ബിജെപി കോൺഗ്രസിന്റെ അഴിമതി മറയ്ക്കാൻ സഹായിക്കുന്നു. ഈ കാരണത്താൽ തന്നെ കോൺഗ്രസ് സഖ്യത്തിൽ ഇനി ആം ആദ്മി പാർട്ടി തുടരില്ല. എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും എഎപി ഒറ്റയ്ക്ക് മത്സരിക്കും. ഈ വർഷം അവസാനം ബീഹാറിലെ എല്ലാ സീറ്റുകളിലും ഞങ്ങൾ മത്സരിക്കും എന്നും അനുരാഗ് ധണ്ട അറിയിച്ചു.
Discussion about this post