ബംഗളൂരു : ഐപിഎൽ 2025 ലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തിന് കർണാടക സർക്കാർ ഒരുക്കിയ വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. ആർസിബി ഹോം ഗ്രൗണ്ട് ആയ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് വച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേർ മരിച്ചത്. അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടാണ് തിക്കും തിരക്കും ഉണ്ടായത്. വൻ സുരക്ഷാ വീഴ്ചയാണ് സ്റ്റേഡിയത്തിൽ നടന്നത് എന്നാണ് സൂചന. വിജയാഘോഷ പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് എല്ലാവർക്കും പ്രവേശനം ഉണ്ടെന്ന് കരുതി ജനങ്ങൾ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് തിക്കുംതിരക്കും ഉണ്ടായത് എന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ജനക്കൂട്ടം തിക്കും തിരക്കും സൃഷ്ടിച്ചതോടെ സ്റ്റേഡിയത്തിന് പുറത്തെ താൽക്കാലിക ഡ്രെയിൻ സ്ലാബ് തകർന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. അപകടത്തിൽ മരിച്ചവരിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയും നാല് സ്ത്രീകളും ഉൾപ്പെടുന്നു. ബംഗളൂരുവിലെ വൈദേഹി ആശുപത്രി നാല് മരണങ്ങളും മണിപ്പാൽ ആശുപത്രി ഒരു മരണവും സ്ഥിരീകരിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സർക്കാർ ശരിയായ നടപടികൾ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ബിജെപി കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബംഗളൂരു പോലെ ഒരു നഗരത്തിൽ ഒറ്റദിവസംകൊണ്ട് ഇത്രയും വലിയ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത് വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടാക്കിയത് എന്നും പ്രതിപക്ഷം സൂചിപ്പിച്ചു. യാതൊരു അടിസ്ഥാന ക്രമീകരണങ്ങളും, പോലീസ് സുരക്ഷയും ഒരുക്കാതെ ഇത്തരം ഒരു വലിയ പരിപാടി നടത്താൻ ശ്രമിച്ച കർണാടക സർക്കാരിന്റെ കൈകളിൽ ഇപ്പോൾ രക്തം പുരണ്ടിരിക്കുകയാണ് എന്നും ബിജെപി കുറ്റപ്പെടുത്തി.
Discussion about this post