ന്യൂയോർക്ക് : പാകിസ്താൻ വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പരിഹാസ പരാമർശങ്ങൾ നടത്തിയിരുന്നു. ബിലാവൽ ഭൂട്ടോയുടെ ഈ പരാമർശങ്ങൾക്ക് ഇപ്പോൾ ചുട്ട മറുപടി നൽകിയിരിക്കുകയാണ് അമേരിക്കയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി സന്ദർശനം നടത്തുന്ന ബിജെപി എം പി തേജസ്വി സൂര്യ. കോൺഗ്രസ് എംപി ശശി തരൂരും ബിലാവൽ ഭൂട്ടോക്കെതിരെ ശക്തമായി പ്രതികരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ‘ടേമു’ ആണെന്നായിരുന്നു ബിലാവൽ ഭൂട്ടോ പരിഹസിച്ചത്. വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ചൈനീസ് ഇ-കൊമേഴ്സ് സൈറ്റാണ് ‘ടേമു’. യഥാർത്ഥത്തിൽ ചൈനയിൽ നിന്നും വിലകുറഞ്ഞ നിലവാരമില്ലാത്ത ആയുധങ്ങൾ വാങ്ങേണ്ട ഗതികേടിലുള്ള പാകിസ്താൻ ആണ് ഇന്ത്യയെപ്പോലൊരു ശക്തമായ രാജ്യത്തെ പരിഹസിക്കാൻ വരുന്നതെന്ന് തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു. ഇന്ത്യ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുമ്പോൾ പാകിസ്താൻ തീവ്രവാദികളെയാണ് സൃഷ്ടിക്കുന്നത് എന്നും അമേരിക്കയിൽ നടന്ന ചടങ്ങിൽ തേജസ്വി സൂര്യ വ്യക്തമാക്കി.
” നിങ്ങൾ നിങ്ങളുടെ മുറ്റത്ത് ഒരു വിഷപ്പാമ്പിനെ വളർത്തിയാൽ അത് നിങ്ങളുടെ അയൽക്കാരെ മാത്രമല്ല ഒടുവിൽ നിങ്ങളെയും കടിക്കും” എന്ന ഹിലരി ക്ലിന്റന്റെ വാക്കുകളാണ് കോൺഗ്രസ് എംപി ശശി തരൂർ ഈ വിഷയത്തിൽ പറഞ്ഞത്. ബിലാവൽ ഭൂട്ടോയുടെ അമ്മ കൊല്ലപ്പെട്ടതും പാകിസ്താന്റെ ഇത്തരം പ്രവർത്തികൾ കൊണ്ടാണ്. ഭീകരതയുടെ ഇരകൾ എവിടെയായിരുന്നാലും ഞങ്ങൾക്ക് അവരോട് പൂർണ്ണ സഹതാപമുണ്ട്. പാകിസ്താനിൽ നടന്ന ഒരു ഭീകരാക്രമണത്തിൽ 40 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടതിനെ അപലപിച്ചുകൊണ്ട് ഇന്ത്യൻ പാർലമെന്റ് ഒരിക്കൽ ഒരു പ്രമേയം പാസാക്കിയത് ഞാൻ ഓർക്കുന്നു. തീവ്രവാദം എന്ന ഭീകര രാക്ഷസനെ സൃഷ്ടിച്ച പാകിസ്താൻ ഭരണാധികാരികളോട് നമുക്ക് ഒരിക്കലും സഹതാപം കാണിക്കാൻ കഴിയില്ല എന്നും ശശി തരൂർ വ്യക്തമാക്കി.
Discussion about this post