ഫ്രഞ്ച് യുദ്ധവിമാനമായ റഫേലിന്റെ ഘടകങ്ങൾ ഇനി ഇന്ത്യയിലും നിർമ്മിക്കും. ഇതിനായി ഇതിനായി ദസോ ഏവിയേഷനും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡും തമ്മിൽ കരാർ ഒപ്പിട്ടു. റഫാലിന്റെ ഫ്യൂസെലേജ് (യുദ്ധവിമാനത്തിന്റെ ബോഡി) നിർമാണത്തിനായാണ് ഇരുകമ്പനികളും തമ്മിൽ കരാറായത്. ഇതാദ്യമായിട്ടാണ് റഫാലിന്റെ പ്രധാന ഘടകഭാഗം ഫ്രാൻസിന് പുറത്ത് നിർമിക്കുന്നത്.
എയറോസ്പെയ്സ് രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. റഫാലിന്റെ ഘടകങ്ങൾ നിർമിക്കുന്നതിനായി ഹൈദരാബാദിൽ പുതിയ നിർമാണ യൂണിറ്റും ടാറ്റ ആരംഭിക്കും. 2028ഓടെ ആദ്യ ഘട്ട നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഇതിലൂടെ ദസ്സോയ്ക്ക് സാധിക്കും. 110 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാർ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
1929ൽ സ്ഥാപിതമായ കമ്പനിയാണ് ദസോ ഏവിയേഷൻ. മിലിട്ടറി എയർക്രാഫ്റ്റുകളും ബിസിനസ് ജെറ്റുകളുമായിരുന്നു തുടക്കം മുതൽ കമ്പനി നിർമിച്ചിരുന്നത്. പലകുറി ഉടമകൾ മാറുന്നതിനനുസരിച്ച് പേരിലും പലപ്പോഴായി മാറ്റം സംഭവിച്ചു. 1979ൽ ഫ്രഞ്ച് സർക്കാരും 20 ശതമാനം ഓഹരി പങ്കാളിത്തം കമ്പനിയിൽ നേടി.
Discussion about this post