ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ രാം ദർബാറിന്റെ പ്രാൺ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അയോധ്യ ക്ഷേത്ര സമുച്ചയത്തിലെ മറ്റ് 8 ഉപ ക്ഷേത്രങ്ങളിൽ കൂടി ഇന്ന് പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തീകരിച്ചു.
ഭഗവാൻ ശ്രീരാമൻ സീതാദേവിയോടും സഹോദരങ്ങളോടും ഹനുമാനോടും ഒപ്പം സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നതാണ് രാം ദർബാറിൽ കാണാൻ കഴിയുക. രാം ദർബാർ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ബ്രഹ്മമുഹൂർത്തം മുതൽ തന്നെ ക്ഷേത്രത്തിൽ പ്രത്യേക പൂജാ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് പുറമേ ആചാര്യന്മാരുടെയും സന്യാസിമാരുടെയും വിശിഷ്ട സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ വിഗ്രഹങ്ങളിലും അഭിഷേകം നടത്തുകയും ആരതി അർപ്പിക്കുകയും ചെയ്തു.
രാമക്ഷേത്രവും ക്ഷേത്രസമുച്ചയവുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവൃത്തികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിശ്വഹിന്ദു പരിഷത്തിന്റെ ഏതാനും നേതാക്കളും മാത്രമാണ് സന്യാസിമാരെ കൂടാതെ രാം ദർബാർ പ്രാൺ പ്രതിഷ്ഠയിൽ പങ്കെടുത്തിരുന്നത്. യോഗി ആദിത്യനാഥിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിച്ചു. ഉത്തർപ്രദേശിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് യോഗിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post