ലണ്ടൻ : ഇന്ത്യയിൽ നിന്നും ഒളിച്ചോടിയതല്ല എന്ന് വിജയ് മല്യ. യുകെയിൽ താമസിക്കുന്ന വിജയ് മല്യ രാജ് ഷമാനി പോഡ്‌കാസ്റ്റിൽ പങ്കെടുത്തുകൊണ്ടാണ് 9 വർഷങ്ങൾക്ക് ശേഷം തന്റെ പേരിലുള്ള കേസുകളെക്കുറിച്ച് സംസാരിച്ചത്. താൻ എപ്പോഴും ഒത്തുതീർപ്പായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇന്ത്യയിൽ നിന്നും ഒളിച്ചോടി യുകെയിൽ എത്തിയതല്ല. പാസ്പോർട്ട് റദ്ദാക്കിയതിനാൽ ഇവിടെ കുടുങ്ങി പോവുകയായിരുന്നു എന്നും വിജയ് മല്യ ഈ അഭിമുഖത്തിൽ പറഞ്ഞു.
17 ബാങ്കുകളിൽ നിന്ന് 6,203 കോടി രൂപയാണ് വായ്പയെടുത്തതെന്ന് മല്യ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ തന്റെ സ്വത്തുക്കളിൽ നിന്ന് ബാങ്കുകൾ 14,131.6 കോടി രൂപ തിരിച്ചുപിടിച്ചു. ഇത് എടുത്ത വായ്പയുടെ രണ്ടര ഇരട്ടിയാണ്. സ്വത്തുക്കൾ കണ്ടുകെട്ടിയത് കൂടാതെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ, വായ്പാ ഫണ്ട് വകമാറ്റൽ എന്നീ കുറ്റങ്ങളും തനിക്കെതിരെ ചുമത്തിയിരിക്കുകയാണ്. 2012 നും 2015 നും ഇടയിൽ നാല് തവണ താൻ ഒത്തുതീർപ്പ് ഓഫറുകൾ നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു എന്നും വിജയ് മല്യ പോഡ്കാസ്റ്റിൽ പറഞ്ഞു.
“കിംഗ്ഫിഷർ എയർലൈൻസിന്റെ തകർച്ചയ്ക്ക് ശേഷമാണ് എല്ലാ പ്രശ്നങ്ങളും ആരംഭിച്ചത്. 2009-12 കാലയളവിൽ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജിയെ കണ്ട് എയർലൈനിന്റെ പ്രവർത്തനം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലുള്ളത് പോലെ തുടരാനാണ് പ്രണബ് മുഖർജി പറഞ്ഞത്. അതായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടത്. സ്ഥിതിഗതികൾ മോശമായപ്പോൾ ഹൈദരാബാദിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശീലന അക്കാദമിയിൽ വെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനെ കണ്ട് ഒരു ഒത്തുതീർപ്പ് ഓഫർ നൽകിയെങ്കിലും അത് സ്വീകരിച്ചില്ല. 2016 മാർച്ച് 2 ന് ജനീവയിൽ നടക്കുന്ന എഫ്‌ഐഎ മീറ്റിംഗിൽ പങ്കെടുക്കാൻ ആണ് ഞാൻ ലണ്ടനിലേക്ക് വന്നത്. എന്റെ അഭിഭാഷകനായ അരുൺ ജെറ്റ്ലിയോട് വിവരം പങ്കുവെച്ചിരുന്നു. അതൊരിക്കലും ഒരു ഒളിച്ചോട്ടം ആയിരുന്നില്ല. പക്ഷേ ഗവൺമെന്റ് എന്റെ പാസ്പോർട്ട് റദ്ദാക്കി. അതോടെ ഞാൻ ഇവിടെ കുടുങ്ങി പോവുകയായിരുന്നു. എന്റേത് ഒരിക്കലും ഒരു രക്ഷപ്പെടൽ പദ്ധതി ആയിരുന്നില്ല. എന്നെ കള്ളൻ എന്ന് വിളിക്കുന്നത് തെറ്റാണ് ” എന്നും വിജയ് മല്യ അഭിമുഖത്തിൽ പറഞ്ഞു.
Discussion about this post