സിന്ധൂനദീജല കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എത്തിക്കാൻ നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ. പുതിയ കനാലുകൾ പണിത് ജലം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം.
ഇതോടനുബന്ധിച്ച് ബിയാസ് നദിയിലെ ജലം രാജസ്ഥാനിലെ ഗംഗ നഗറിലേക്ക് കൊണ്ടുപോകാൻ കനാൽ നിർമിക്കും. ആദ്യ ഘട്ടത്തിൽ ജലം രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിൽ ജലം എത്തിക്കുന്നതിനുള്ള കനാലാണ് നിർമിക്കുക. 130 കിലോമീറ്റർ ദൈർഘ്യമുള്ള കനാലായിരിക്കും ഇതിനായി നിർമ്മിക്കുക.
രണ്ടാം ഘട്ടം എന്ന നിലയിലാണ് ഈ ജലം യമുനാനദിയിലേക്ക് എത്തിക്കുന്നത്. ഇതിനായി എഴുപത് കിലോമീറ്റർ നീളമുള്ള കനാൽ നിർമ്മിക്കും. ജലം യമുനയിൽ എത്തുന്നതോടെ, ഡൽഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലേക്കും ബിയാസിലെ ജലം ഒഴുകും.
അതേസമയം സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ചും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പാകിസ്താൻ ഇന്ത്യയ്ക്ക് കത്തയച്ചു. നാല് കത്തുകളാണ് ഇതുവരെ പാകിസ്താൻ അയച്ചത്. ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുന്നതിന് മുൻപായിയിരുന്നു ആദ്യ കത്തയച്ചത്. ശേഷം മൂന്നു കത്തുകൾ കൂടി അയച്ചു. എല്ലാ കത്തിടപാടുകളും ജൽശക്തി മന്ത്രാലയം വഴി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post