തൃശ്ശൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തമിഴ്നാട്ടിലെ സേലത്ത് വച്ച് നടന്ന കാർ അപകടത്തിൽ ഷൈൻ ടോം ചാക്കോക്കും അമ്മയ്ക്കും പരിക്കേൽക്കുകയും പിതാവ് മരിക്കുകയും ചെയ്തിരുന്നു. നിലവിൽ തൃശ്ശൂരിലെ സൺ ഹോസ്പിറ്റലിൽ ആണ് ഷൈൻ ടോം ചാക്കോ ചികിത്സയിൽ കഴിയുന്നത്.
ഷൈൻ ടോം ചാക്കോയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. പരുക്ക് ഗുരുതരമല്ല എങ്കിലും ഒരു ശസ്ത്രക്രിയ ആവശ്യമുണ്ട് എന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ആയിരിക്കും ഈ ശസ്ത്രക്രിയ നടത്തുക. ഷൈനിന്റെ അമ്മ മറിയ കാര്‍മലും ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അപകടത്തിൽ പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല എന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.
സേലത്ത് വെച്ചുണ്ടായ അപകടത്തിൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച സി പി ചാക്കോയുടെ മൃതദേഹം തൃശൂരില്‍ എത്തിച്ചു. ഷൈൻ ടോം ചാക്കോയുടെ വിദേശത്തുള്ള സഹോദരിമാർ നാട്ടിലെത്തിയ ശേഷം ആയിരിക്കും സി പി ചാക്കോയുടെ സംസ്കാരം നടക്കുക. ഇന്ന് രാത്രിയോടെ സഹോദരിമാർ നാട്ടിലെത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ബംഗളൂരുവിലേക്ക് ഉള്ള യാത്രയ്ക്കിടെ ആണ് ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
Discussion about this post