എറണാകുളം : പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സവാദിന് ജാമ്യം നൽകുന്നതിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശക്തമായി എതിർത്തതിനെ തുടർന്നാണ് കോടതി പ്രതിയുടെ അപേക്ഷ തള്ളിയത്. പ്രതിക്ക് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെന്നും എൻഐഎ കോടതിയിൽ ബോധിപ്പിച്ചു.
കുറ്റകൃത്യം ചെയ്തതിനുശേഷം 14 വർഷം കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞ വ്യക്തിയാണ് പ്രതി സവാദ് എന്നും അന്വേഷണ ഏജൻസി കോടതിയെ ഓർമിപ്പിച്ചു. ജാമ്യമില്ലാ വാറണ്ട്, ലുക്ക്ഔട്ട് നോട്ടീസ്, എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എന്നീ ശ്രമങ്ങൾ നടത്തിയിട്ടും സവാദിനെ ഈ കാലയളവിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നുള്ള കാര്യം പരിഗണിക്കണമെന്നും എൻഐഎ കോടതിയിയെ അറിയിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ 2010 ജൂലൈ നാലിന്, കാറിൽ നിന്ന് വലിച്ചിറക്കി ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് കൈ വെട്ടിയ കേസിലെ മുഖ്യപ്രതിയാണ് സവാദ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സവാദ് കണ്ണൂരിൽ ഷാജഹാൻ എന്ന പേരിൽ താമസിച്ചുവരുന്നതിനിടെ 2024 ജനുവരി 10 ന് ആണ് അറസ്റ്റിലായത്. സവാദിനെതിരായ കേസ് വിചാരണയ്ക്ക് തയ്യാറായിരിക്കുകയാണ് എന്നും അന്വേഷണ ഏജൻസി കോടതിയിൽ അറിയിച്ചു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗമായതിനാൽ സവാദിന് മതമൗലികവാദ സംഘടനകളുമായി ശക്തമായ ബന്ധമുണ്ട്. കൂടാതെ ഇയാൾക്ക് ദേശവിരുദ്ധ തീവ്രവാദ സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജാമ്യത്തിൽ വിട്ടയച്ചാൽ പ്രതി ഒളിച്ചോടാനോ, സാക്ഷികളെ ഭീഷണിപ്പെടുത്താനോ, സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് എൻഐഎ വാദിച്ചു. അന്വേഷണ ഏജൻസിയുടെ വാദം അംഗീകരിച്ച കോടതി സവാദിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
Discussion about this post