തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇടപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി അദ്ദേഹം നേരിട്ട് ശ്രീചിത്ര സന്ദർശിച്ചു. പ്രതിസന്ധി സാഹചര്യം ചർച്ച ചെയ്യുന്നതിനായി അദ്ദേഹം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ഉൾപ്പെടുന്ന അടിയന്തര യോഗത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്നത്. സാഹചര്യങ്ങൾ വിശദമായി മനസ്സിലാക്കിയശേഷം കേന്ദ്രത്തെ അറിയിക്കും. ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾക്കാണ് പ്രതിസന്ധി നേരിട്ടിട്ടുള്ളത്. ഇന്നുമുതൽ ശസ്ത്രക്രിയകൾ നിലയ്ക്കുമെന്ന് ശ്രീചിത്ര നേരത്തെ അറിയിച്ചിരുന്നു.
ശസ്ത്രക്രിയകൾ മാറ്റിവെച്ച കാര്യം രോഗികളെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുള്ളതായി ശ്രീചിത്ര വ്യക്തമാക്കിയിരുന്നു.
അടുത്ത മൂന്ന് ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന 15 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചിട്ടുള്ളത്. മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമമാണ് ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമായതെന്നാണ് ശ്രീചിത്ര വ്യക്തമാക്കുന്നത്.
Discussion about this post