തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തരയോഗത്തിൽ നിർണായക തീരുമാനം. എച്ച് എൽ എല്ലിന് കീഴിലുള്ള അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ തീരുമാനമായി. പുതിയ കരാർ ഒപ്പിട്ടതായും രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മാധ്യമങ്ങൾ പറയുന്ന അത്രയും ഭീമാകാരമായ പ്രശ്നങ്ങൾ ഒന്നും ശ്രീചിത്രയിൽ ഇല്ല എന്ന് സുരേഷ് ഗോപി ഉറപ്പിച്ചു പറഞ്ഞു. അഴിമതി രഹിതമായ ഒരു പരിഹാരമാണ് ഇവിടെ വേണ്ടത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും. മാറ്റിവെച്ച ശസ്ത്രക്രിയകൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾക്കാണ് ശ്രീചിത്ര ആശുപത്രിയിൽ തടസ്സം നേരിട്ടിരുന്നത്. മെഡിക്കൽ ഉപകരണങ്ങൾക്ക് ഉണ്ടായ ക്ഷാമമാണ് ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ കാരണമായത്. തുടർന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്. ഇന്ന് രാവിലെ നേരിട്ട് ശ്രീചിത്രയിൽ എത്തിയ അദ്ദേഹം അടിയന്തരയോഗം വിളിക്കുകയായിരുന്നു. ഡയറക്ടർ വിളിച്ച യോഗത്തിൽ അമൃത് ഫാർമസി അധികൃതരും പങ്കെടുത്തു. തുടർന്നാണ് അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ തീരുമാനമായിരിക്കുന്നത്.
Discussion about this post