അഹമ്മദാബാദിലെ വിമാനദുരന്തത്തിന് കാരണം പക്ഷിയിടിച്ചതെന്ന സംശയം ഉയർത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ എ ഐ 171 വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നതായി ഡിജിസിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. പക്ഷിയിടിച്ചതിനെത്തുടർന്ന് എഞ്ചിനുകൾ പൂർണമായും നിശ്ചലമായെന്നും ഡിജിസിഎ വ്യക്തമാക്കി.
ടേക്ക് ഒഫിൽ ഒന്നിലധികം പക്ഷി ഇടിച്ചാൽ 6-7 മിനിട്ടിനുള്ളിൽ തന്നെ അപകടം സംഭവിക്കാം. വിമാനത്തിന് 11 വർഷം പഴക്കമുണ്ട്. പക്ഷേ, സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. വിമാനത്താവളത്തിനപ്പുറം ഒരു റെസിഡൻഷ്യൽ ഏരിയയാണ്. അതിനാൽത്തന്നെ പ്രദേശത്ത് പക്ഷികൾ ഉണ്ടാവാനുളള സാദ്ധ്യത കൂടുതലാണ്. വിശദാംശങ്ങൾ പുറത്തുവരാൻ നമുക്ക് കാത്തിരിക്കാം’- എന്നാണ് വ്യോമയാന വിദഗ്ധൻ സഞ്ജയ് ലാസർ പറയുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ഡേ’ അപായ സിഗ്‌നൽ എയർ ട്രാഫിക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന സന്ദേശമാണ് മെയ് ഡേ’. വിമാനത്തിലേക്ക് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് മറുപടി ലഭിച്ചില്ല. ഇത് ലഭിക്കും മുൻപ് തന്നെ വിമാനം തകർന്നുവെന്നാണ് അനുമാനിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കുളളിൽ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യൻ യാത്രികരും 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽ 170 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post