അഹമ്മദാബാദ്; ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നൊമ്പരമായി ഒരു ഫാമിലി സെല്‍ഫി. ഉദയ്‌പൂരില്‍ നിന്നുള്ള അച്ഛനും അമ്മയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന സന്തോഷകരമായ നിമിഷങ്ങളായിരുന്നു ആ സെല്‍ഫിയിലുള്ളത്. അതവരുടെ ജീവിതത്തിലെ അവസാനനത്തെ സെൽഫി ആയിരിക്കുമെന്നു ആ കുടുംബം അറിഞ്ഞില്ല.
ഉദയ്‌പൂരിലെ ആശുപത്രിയിൽ ഡോക്ടറായിരുന്ന കോമി വ്യാസിൻറെയും കുടുംബത്തിൻറെയും സെൽഫി ഫോട്ടോയാണ് ആളുകളുടെ ഉള്ളുലയ്ക്കുന്നത്.
മൂന്ന് കുട്ടികളുമൊത്ത് ലണ്ടനിലുളള ഭർത്താവ് ഡോ. പ്രതീക് ജോഷിയോടൊപ്പം താമസിക്കാനായിരുന്നു ആ കുടുംബത്തിൻറെ വിമാനയാത്ര എന്നാണ് വിവരം. എന്നാല്‍ വിധി അവർക്ക് സമ്മാനിച്ചത് ദുരന്തമായിരുന്നു. ഡോക്ടര്‍ പ്രതീക് ജോഷി എടുത്ത സെൽഫിയിൽ, അദ്ദേഹവും ഭാര്യയും സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് കാണാം. തൊട്ടപ്പുറത്തെ നിരയിൽ അവരുടെ രണ്ട് ആൺകുട്ടികളും മൂത്ത മകളും ഇരിക്കുന്നതും കാണാം. അച്ഛന്‍റെ സെല്‍ഫിയില്ലേക്ക് നോക്കി ചിരിക്കുന്ന കുഞ്ഞുങ്ങളുൾപ്പെടുന്ന ആ കുടുംബം എല്ലാവരുടെയും ഉള്ളലിയിച്ചു.
ഡോ. കോമി വ്യാസും ഡോ. പ്രതീക് ജോഷിയും ഉദയ്‌പൂരിലെ പസഫിക് ഹോസ്പിറ്റലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഡോക്ടര്‍ ജോഷി കുറച്ചുകാലം മുമ്പ് ലണ്ടനിലേക്ക് താമസം മാറിയിരുന്നു, കുടുംബത്തെ കൂട്ടിക്കൊണ്ടുപോകാൻ ഈ ആഴ്ച ആദ്യം രാജസ്ഥാനിലെ ബൻസ്വാറയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കുടുംബവുമൊത്തുള്ള തിരിച്ചുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
Discussion about this post