തലസ്ഥാന നഗരിയിലെ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. പഴയ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് ഫൈസ് ഇ ഇലാഹി മസ്ജിദിനോട് ചേർന്ന് നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചുനീക്കി. ഡൽഹി ഹൈക്കോടതിയുടെ കർശന ഉത്തരവിനെത്തുടർന്നാണ് ബുധനാഴ്ച പുലർച്ചെ ഈ നടപടിയുണ്ടായത്.
നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഒരു കമ്മ്യൂണിറ്റി ഹാളും ഡിസ്പെൻസറിയുമാണ് അധികൃതർ പ്രധാനമായും ലക്ഷ്യം വെച്ചത്. പ്രദേശത്തെ രാംലീല മൈതാനത്തിന് സമീപമുള്ള 39,000 ചതുരശ്ര അടിയോളം വരുന്ന സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ നവംബറിൽ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഒരു വിഭാഗം ആളുകൾ അക്രമം അഴിച്ചുവിട്ടു. പുലർച്ചെ ഒന്നരയോടെ ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ തടയാൻ ശ്രമിച്ച അക്രമി സംഘം പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ കല്ലെറിഞ്ഞു. അക്രമത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു. വർഷങ്ങളായി തുടരുന്ന നിയമലംഘനങ്ങൾക്കാണ് ഹൈക്കോടതി വിധിയിലൂടെ അറുതിയായത്. പള്ളിയുടെ യഥാർത്ഥ ഭൂമിയെ ഈ നടപടി ബാധിച്ചിട്ടില്ലെന്നും, പള്ളിയോട് ചേർന്ന് കൈയേറി നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചുമാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി. 17 ബുൾഡോസറുകൾ ഉപയോഗിച്ചാണ് വൻ സന്നാഹത്തോടെ ഈ ദൗത്യം പൂർത്തിയാക്കിയത്.
“കോടതി ഉത്തരവ് നടപ്പിലാക്കുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. നിയമവിരുദ്ധമായ കൈയേറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടികളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജെ.എൽ.എൻ മാർഗ്, അജ്മീരി ഗേറ്റ്, മിന്റോ റോഡ് എന്നിവിടങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കമലാ മാർക്കറ്റ് മുതൽ അസഫ് അലി റോഡ് വരെയുള്ള ഭാഗങ്ങൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.











Discussion about this post