മാതൃഭൂമിയുടെ അതിർത്തികൾ കാക്കാൻ കരുത്തരായ യുവ എൻജിനീയർമാരെ തേടി ഇന്ത്യൻ കരസേന. ഷോർട്ട് സർവീസ് കമ്മീഷൻ (SSC) വഴി കരസേനയുടെ വിവിധ വിഭാഗങ്ങളിലേക്ക് അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. യുവതലമുറയ്ക്ക് ഇന്ത്യൻ ആർമിയുടെ ഭാഗമാകാനുള്ള ഈ അവസരത്തിലേക്കുള്ള അപേക്ഷാ നടപടികൾ ഇന്ന് (ജനുവരി 7, 2026) മുതൽ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in-ൽ ആരംഭിച്ചു.
ആകെ 350 ഒഴിവുകളിലേക്കാണ് കരസേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ തുടങ്ങി പ്രധാന എൻജിനീയറിങ് ശാഖകളിലെല്ലാം അവസരങ്ങളുണ്ട്. മെക്കാനിക്കൽ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ (101) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിവിൽ വിഭാഗത്തിൽ 75-ഉം, ഇലക്ട്രോണിക്സിൽ 64-ഉം, കമ്പ്യൂട്ടർ സയൻസിൽ 60-ഉം ഒഴിവുകളുണ്ട്. ഇതിനു പുറമെ ബയോമെഡിക്കൽ, അഗ്രികൾച്ചർ, കെമിക്കൽ തുടങ്ങിയ മിസലേനിയസ് വിഭാഗങ്ങളിലും 17 ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.
അപേക്ഷകർ 2026 ഒക്ടോബർ 1-ന് 20-നും 27-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 1999 ഒക്ടോബർ 1-നും 2006 സെപ്റ്റംബർ 31-നും ഇടയിൽ ജനിച്ചവർക്കാണ് അർഹത. പുരുഷന്മാർക്ക് ഫെബ്രുവരി 5 വരെയും വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 4 വരെയും ഓൺലൈനായി അപേക്ഷിക്കാം. 2026 ഒക്ടോബറിൽ ട്രെയിനിങ് അക്കാദമിയിൽ പരിശീലനം ആരംഭിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലെഫ്റ്റനന്റ് റാങ്കിൽ കമ്മീഷൻ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഓഫീസർമാർക്ക് ആകർഷകമായ ശമ്പള പാക്കേജും മറ്റ് ആനുകൂല്യങ്ങളുമാണ് കരസേന വാഗ്ദാനം ചെയ്യുന്നത്. ലെഫ്റ്റനന്റ് റാങ്കിൽ 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. ക്യാപ്റ്റൻ, മേജർ, കേണൽ തുടങ്ങിയ ഉയർന്ന റാങ്കുകളിലേക്ക് എത്തുമ്പോൾ ശമ്പളവും പദവിയും വർദ്ധിക്കും.












Discussion about this post