റായ്പുർ : ഛത്തീസ്ഗഡിലെ സുക്മയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. സർക്കാർ 65 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച 13 പേർ ഉൾപ്പെടെയുള്ള സംഘമാണ് കൂട്ടത്തോടെ കീഴടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ കമ്മ്യൂണിസ്റ്റ് ഭീകരർക്കുള്ള അതിജീവന പദ്ധതിയായ ‘പൂന മാർഗേം’ സംരംഭത്തിന്റെ ഭാഗമാകും എന്ന് കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരർ അറിയിച്ചു.
സുക്മ ഉൾപ്പെടെയുള്ള ഛത്തീസ്ഗഡിന്റെ വിവിധ മേഖലകളിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ ദൗത്യങ്ങൾ കൂടുതൽ ശക്തമാക്കിയതോടെ ആണ് ഈ കീഴടങ്ങൽ.
ഏഴ് സ്ത്രീകളും കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരരിൽ ഉൾപ്പെടുന്നു. ‘പൂന മാർഗേം’ പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഭീകരർ ഓരോരുത്തർക്കും സാധാരണ ജീവിതം ആരംഭിക്കുന്നതിനായി 50,000 രൂപ വീതം ധനസഹായം ലഭിക്കുന്നതാണ്.
കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരർ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) ബറ്റാലിയൻ, സൗത്ത് ബസ്തർ ഡിവിഷൻ, മാഡ് ഡിവിഷൻ, ആന്ധ്ര ഒഡീഷ ബോർഡർ ഡിവിഷൻ എന്നിവയിൽ സജീവമായിരുന്നവരാണ്. ഛത്തീസ്ഗഡിലെ അബുജ്മദ്, സുക്മ, ഒഡീഷയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ നിരവധി അക്രമ സംഭവങ്ങളിൽ പങ്കാളികളായിരുന്നവരാണ് കീഴടങ്ങിയത് എന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ അറിയിച്ചു.











Discussion about this post