മുംബൈ : ലണ്ടനിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം മുംബൈയിൽ തിരിച്ചിറക്കി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് വ്യോമപാത അടച്ചതിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനത്തിന്റെ ലണ്ടനിലേക്കുള്ള യാത്ര തടസ്സപ്പെട്ടത്. തുടർന്ന് വിമാനം മുംബൈയിലേക്ക് തിരികെ വരികയായിരുന്നു.
വെള്ളിയാഴ്ച ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ഇറാന്റെ വ്യോമാതിർത്തി അടച്ചത് നിരവധി അന്താരാഷ്ട്ര യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കാരണം എയർ ഇന്ത്യ നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഫ്ലൈറ്റ് ട്രാക്കിംഗ് പോർട്ടലായ ഫ്ലൈറ്റ് റാഡാർ 24 ൽ നിന്നുള്ള ഡാറ്റയിൽ, എഐസി129 വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഉടൻ തന്നെ തിരിച്ചെത്തുന്നതായി കാണിച്ചിരുന്നു. വിമാനം യു-ടേൺ എടുത്ത് മടങ്ങിയതായാണ് റഡാർ വ്യക്തമാക്കുന്നത്.
ഇറാന്റെ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ വന്ന സ്ഥലങ്ങളിലേക്ക് മടങ്ങുകയും വഴി തിരിച്ചു വിടുകയും ചെയ്തു. ഇറാനിലെ നിലവിലെ സാഹചര്യം വെച്ച് യാത്ര സുരക്ഷിതമല്ല എന്നാണ് വിമാന കമ്പനികൾ വ്യക്തമാക്കുന്നത്. ലണ്ടനിൽ നിന്നും മുംബൈയിലേക്ക് വന്നിരുന്ന എയർ ഇന്ത്യ വിമാനം വിയന്നയിലേക്ക് വഴി തിരിച്ചുവിട്ടു. ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് വന്നിരുന്ന വിമാനം ഷാർജയിലേക്കും ന്യൂയോർക്കിൽ നിന്നും മുംബൈയിലേക്ക് വന്നിരുന്ന വിമാനം ജിദ്ദയിലേക്കും വഴി തിരിച്ചുവിട്ടു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടർന്നാൽ അന്താരാഷ്ട്ര യാത്രകളെ വലിയ രീതിയിൽ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post