തനിക്ക് ഓട്ടിസം ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സന രാധാകൃഷ്ണൻ. ‘ടെഡ് എക്സ് ടോക്സ്’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഓട്ടിസം ഉണ്ട് എന്ന കാര്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. മൂന്ന് ടെസ്റ്റുകൾ നടത്തിയ ശേഷമാണ് ഓട്ടിസം ആണെന്ന നിഗമനത്തിൽ എത്തിയത് എന്നും ജ്യോത്സന പറഞ്ഞു.
ഓട്ടിസത്തെ ആളുകൾ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. സമൂഹത്തിൽ ഓട്ടിസത്തെ കുറിച്ച് അവബോധമുണ്ടാക്കാനാണ് താൻ ഈ കാര്യം തുറന്നു പറയുന്നതെന്നും ജ്യോത്സന അഭിപ്രായപ്പെട്ടു. തന്നെ ദൈനംദിനം ജീവിതത്തിലെ പലകാര്യങ്ങളിലും അസ്വസ്ഥതകളോടെ ആയിരുന്നു കടന്നുപോയിരുന്നത്. സ്വയം തോന്നിയ ചില സംശയങ്ങളെ തുടർന്നാണ് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് മൂന്ന് ടെസ്റ്റുകൾ നടത്തിയാണ് ഓട്ടിസ്റ്റിക് അഡൾട്ട് ആണെന്ന് സ്ഥിരീകരിച്ചത് എന്നും ഗായിക വ്യക്തമാക്കി.
ഭർത്താവിനോടൊപ്പം യുകെയിൽ എത്തിയ ആദ്യ സമയങ്ങളിൽ വലിയ ബുദ്ധിമുട്ടായിരുന്നു അനുഭവിച്ചത്. വളരെ വ്യത്യസ്തമായ ലോകം, കാലാവസ്ഥ. വല്ലാത്ത ഏകാന്തത. ഒടുവിൽ അവിടെയൊരു ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്ത്, വായന തുടങ്ങി. ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി.ഇടയ്ക്ക് എനിക്കുതന്നെ എന്നെക്കുറിച്ച് ചില സംശയങ്ങൾ തോന്നി. ഒടുവിൽ ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു. മൂന്നും തവണ ടെസ്റ്റ് നടത്തി. ഒടുവിൽ സ്ഥിരീകരിച്ചു, ഞാനൊരു ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട് ആണ്.
എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓട്ടിസ്റ്റിക്കാണെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അങ്ങനെയല്ല ഒന്നുകിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഉണ്ടാവില്ല. വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസിലാക്കുകയും ചെയ്യുന്നതിനെയാണ് ഓട്ടിസമെന്ന് പറയുന്നത്. ജീവിതത്തിൽ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചത് ഓട്ടിസം കണ്ടുപിടിച്ചശേഷമാണ്. എല്ലാത്തിനോടും വൈകാരികമായി പ്രതികരിച്ചിരുന്നതിന്റേയും എല്ലാം ഉള്ളിലേക്ക് എടുത്ത് അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണവും മനസിലായി. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോൾ ഞാൻ ഇത് തുറന്ന് പറയുന്നത്. മാറ്റം വീടുകളിൽ നിന്നും സ്കൂളിൽ നിന്നും ഉണ്ടാവണം. ഓട്ടിസം കണ്ടുപിടിക്കാനുള്ള മാർഗങ്ങളും വേണം എന്നും ജ്യോത്സന അഭിപ്രായപ്പെട്ടു.
Discussion about this post