യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ടീം മാനേജ്‌മെന്റ് ഉപയോഗിക്കുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് മുൻ താരം ഇർഫാൻ പത്താൻ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിലും നിതീഷിനെ പുറത്തിരുത്തിയതാണ് പത്താനെ ചൊടിപ്പിച്ചത്. “നെറ്റ്‌സിൽ പന്തെറിഞ്ഞാൽ മാത്രം ഓൾറൗണ്ടറാകില്ല”; നിതീഷ് റെഡ്ഡിയെ തഴയുന്നതിൽ ഇർഫാൻ പത്താൻ ഇങ്ങനെയാണ് പറഞ്ഞത്.
2025-ൽ 10 ഇന്നിംഗ്‌സുകളിലായി ആകെ 56.1 ഓവർ മാത്രമാണ് നിതീഷ് എറിഞ്ഞത്. ഒരു ടെസ്റ്റ് പ്ലെയർ എന്ന നിലയിൽ ഇത് വളരെ കുറഞ്ഞ കണക്കാണെന്ന് പത്താൻ നിരീക്ഷിക്കുന്നു. ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ വിടാതെ നിതീഷിനെ ടീമിനൊപ്പം കൊണ്ടുനടക്കുകയും എന്നാൽ കളിക്കാൻ അവസരം നൽകാതിരിക്കുകയും ചെയ്യുന്നത് താരത്തിന്റെ ആത്മവിശ്വാസം തകർക്കുമെന്ന് പത്താൻ പറഞ്ഞു.
ഇന്നലെ നടന്ന ആദ്യ ഏകദിനത്തിൽ ഹാർദിക്കിന് പകരം നിതീഷിനെയായിരുന്നു കളിപ്പിക്കേണ്ടത് എന്നും സുന്ദറിന് എന്തിനാണ് അവസരം കൊടുത്തത് എന്നുമാണ് പത്താൻ ചോദിക്കുന്നത്. “അവനെ കളിപ്പിച്ചില്ലെങ്കിൽ ഒരു ഓൾറൗണ്ടറായി വളർത്താൻ കഴിയില്ല. ടീമിനൊപ്പം യാത്ര ചെയ്യുന്നു എന്നതല്ലാതെ പ്ലേയിംഗ് ഇലവനിൽ സ്ഥാനമില്ല. എന്തുകൊണ്ടാണ് അവനെ തിരഞ്ഞെടുക്കാത്തതെന്ന് കൃത്യമായ കാരണമുണ്ടാകണം. കഠിനമായ സാഹചര്യങ്ങളിൽ പന്തെറിഞ്ഞാൽ മാത്രമേ ഒരു ബൗളർ മെച്ചപ്പെടൂ, വെറുതെ നെറ്റ്‌സിൽ പന്തെറിഞ്ഞതുകൊണ്ട് കാര്യമില്ല.”
ഭാവിയിലെ പ്രധാന ഓൾറൗണ്ടറായി കാണുന്ന നിതീഷ് കുമാർ റെഡ്ഡിക്ക് മതിയായ ബൗളിംഗ് ക്വാട്ട നൽകുന്നില്ലെന്നത് വലിയൊരു പോരായ്മയാണ്. ഒരു ബൗളിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹത്തെ വളർത്തിയെടുക്കാൻ അന്താരാഷ്ട്ര മത്സരങ്ങളിലെ സമ്മർദ്ദഘട്ടങ്ങളിൽ പന്തെറിയാൻ അവസരം നൽകണമെന്ന പത്താന്റെ വാദം പ്രസക്തമാണ്.












Discussion about this post