ഇറാനിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സൈനിക നടപടി ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങൾക്ക് അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന.
മൂന്നാഴ്ചയായി ഇറാനിൽ തുടരുന്ന പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനോട് പ്രതികരിക്കവെയാണ് “ശക്തമായ ഓപ്ഷനുകൾ” തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്. ഇറാനിലെ സ്ഥിതിഗതികൾ ഗൗരവകരമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കൻ സൈന്യം ചില ‘ഓപ്ഷനുകൾ’ പരിശോധിച്ചുവരികയാണെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആളുകൾ കൊല്ലപ്പെടുകയാണെന്നും അക്രമാസക്തരായ ഭരണാധികാരികളാണ് അവിടെയുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഇറാൻ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ, ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് വഴി ഇറാനിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് എലോൺ മസ്കുമായി ചർച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഇത്തരം കാര്യങ്ങളിൽ മസ്കിന് വലിയ കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യാവകാശ സംഘടനയായ HRANA-യുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 500-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനായിരത്തിലധികം ആളുകളെ ഇറാൻ ഭരണകൂടം തടവിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം അമേരിക്ക ഇടപെടാൻ ശ്രമിച്ചാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.












Discussion about this post