പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ അദ്ദേഹത്തിന് അടുത്ത കുടുക്ക്. മൂന്നാമത്തെ കേസിലെ അതിജീവിതയെ രാഹുൽ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ടെലഗ്രാം ചാറ്റുകൾ പുറത്തുവന്നിരിക്കുകയാണ്. തനിക്കെതിരെ നിൽക്കുന്നവർക്കും അവരുടെ കുടുംബത്തിനുമെതിരെ കടുത്ത പ്രതികാരം ചെയ്യുമെന്നാണ് സന്ദേശങ്ങളിലെ ഉള്ളടക്കം.
രാഹുലിനെതിരെ ആദ്യ പരാതികൾ ഉയർന്ന ഘട്ടത്തിലാണ് അതിജീവിത ടെലഗ്രാം വഴി വിശദീകരണം ചോദിച്ചത്. മറ്റുള്ളവരുടെ ജീവിതം തകർത്ത് സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്നും ക്ഷമയുടെ പരിധി കഴിഞ്ഞുവെന്നും യുവതി യുവതി ചാറ്റിൽ പറയുന്നുണ്ട്. പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞ് പാർട്ടി നിന്നെ തിരിച്ചെടുക്കുന്ന ദിവസം കാണാമെന്ന് യുവതി പറയുമ്പോൾ ആയിരുന്നു രാഹുലിന്റെ തിരിച്ചുള്ള ഭീഷണി.
അദ്ദേഹം കുറിച്ച മറുപടി ഇങ്ങനെ:
“എന്നെ മോശക്കാരനാക്കാൻ നോക്കേണ്ട. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല.നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. നിനക്ക് വേണമെങ്കിൽ പ്രസ് മീറ്റ് നടത്തിക്കോ. എല്ലാം തീർന്നുനിൽക്കുന്ന എന്നെ നീ പേടിപ്പിക്കണ്ട.”
അതേസമയം നിലവിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. രാഹുൽ ഇതുവരെ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും വിശദമായ തെളിവെടുപ്പിന് കസ്റ്റഡി അത്യാവശ്യമാണെന്നുമാണ് ക്രൈം ബ്രാഞ്ച് വാദം. രാഹുലിന്റെ ജാമ്യാപേക്ഷയും ഇന്ന് തിരുവല്ല കോടതി പരിഗണിക്കും. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഈ പരാതികളെന്നാണ് രാഹുലിന്റെ വാദം.












Discussion about this post