ടെഹ്റാൻ : ഇറാനിൽ പുതുതായി നിയമിക്കപ്പെട്ട സൈനിക ജനറൽ അലി ഷദ്മാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും സുപ്രീം നേതാവ് അലി ഖമേനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമായിരുന്നു അലി ഷദ്മാനി. ഇറാനെതിരായ ഇസ്രായേലിന്റെ ആദ്യ ആക്രമണത്തിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ട മേജർ ജനറൽ ഘോലം അലി റാഷിദിന് പകരക്കാരനായാണ് ഷാദ്മാനി സ്ഥാനമേറ്റെടുത്തിരുന്നത്. പുതിയ സ്ഥാനമെടുത്ത നാലു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇസ്രായേൽ ഇറാൻ സൈനിക ജനറലിനെ കൊലപ്പെടുത്തുകയായിരുന്നു.
ഇറാൻ ഭരണകൂടത്തിലെ ഉന്നത സൈനിക മേധാവിയും ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനുമായിരുന്നു മേജർ ജനറൽ അലി ഷദ്മാനി.
ഇറാന്റെ സൈനിക അടിയന്തര കമാൻഡ് എന്നറിയപ്പെടുന്ന ഖതം-അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ തലവനായിരുന്നു അദ്ദേഹം. ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഷദ്മാനി കൊല്ലപ്പെട്ടതായി ഇറാനും ഇസ്രായേൽ പ്രതിരോധ സേനയും സ്ഥിരീകരിച്ചു.
അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാം തവണയും – ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫിനെയും ഭരണകൂടത്തിന്റെ ഉന്നത സൈനിക കമാൻഡറെയും ഐഡിഎഫ് ഇല്ലാതാക്കിയെന്ന് ഇസ്രായേൽ പ്രതിരോധസേന സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. കൃത്യമായ രഹസ്യാന്വേഷണ വിവരത്തെ അടിസ്ഥാനമാക്കിയാണ് ഇസ്രായേൽ പ്രതിരോധ സേന മധ്യ ടെഹ്‌റാനിൽ വ്യോമാക്രമണം നടത്തിയത്. ഇസ്രായേലിനെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഇറാന്റെ ആക്രമണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതും നടപ്പിലാക്കിയിരുന്നതും അലി ഷദ്മാനി ആയിരുന്നു എന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.
Discussion about this post