ന്യൂഡൽഹി : ഇറാൻ-ഇസ്രായേൽ സംഘർഷം അഞ്ചാം ദിവസവും തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചു. ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ സംഘത്തെ അർമേനിയയിൽ എത്തിച്ചു. 110 പേരാണ് ആദ്യമായി ഇന്ത്യയിലേക്ക് മടങ്ങുന്ന ബാച്ചിൽ ഉള്ളത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്.
110 ഇന്ത്യക്കാരുടെ ആദ്യ ബാച്ച് അർമേനിയയിൽ സുരക്ഷിതമായി എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ബുധനാഴ്ച ഇവർ ഡൽഹിയിലേക്ക് എത്തും. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനാൽ ടെഹ്‌റാനിലെ എല്ലാ ഇന്ത്യക്കാരും നഗരത്തിന് പുറത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും എംബസിയുമായി ബന്ധം നിലനിർത്താനും ചൊവ്വാഴ്ച ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു.
എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ തന്നെ ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും അവരുടെ സ്ഥലവും കോൺടാക്റ്റ് നമ്പറുകളും നൽകുകയും ചെയ്യണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. +989010144557; +989128109115; +989128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും എത്രയും പെട്ടെന്ന് തന്നെ ടെഹ്‌റാൻ വിട്ട് നഗരത്തിന് പുറത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറാൻ ഇന്ത്യൻ മിഷൻ അറിയിച്ചിട്ടുണ്ട്.
Discussion about this post