ചെന്നൈ : പ്രമുഖ തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ. മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധവും ആണ് നടന്റെ അറസ്റ്റിലേക്ക് വഴിവെച്ചിരിക്കുന്നത്. അടുത്തിടെ അറസ്റ്റിലായ മൂന്ന് മയക്കുമരുന്ന് കുറ്റവാളികളുമായി ശ്രീകാന്ത് പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയതിന് തുടർന്നാണ് പോലീസ് നടനെ കസ്റ്റഡിയിലെടുത്തത്. 46-കാരനായ ശ്രീകാന്ത് നിരവധി തമിഴ് മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഗ്രേറ്റർ ചെന്നൈ പോലീസിലെ നുങ്കമ്പാക്കം പോലീസ് ആണ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്രീകാന്തിന്റെ രക്തസാമ്പിളുകൾ വൈദ്യ പരിശോധനയ്ക്കായി നൽകി. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ നടനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നടന്റെ ശരീരത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. അടുത്തിടെ അറസ്റ്റിലായ ഒരു ഘാന പൗരൻ ഉൾപ്പെടുന്ന മയക്കുമരുന്ന് ശൃംഖലയുമായി ശ്രീകാന്ത് അടുത്ത ബന്ധം പുലർത്തി വന്നിരുന്നതായി പോലീസ് പറയുന്നു. 2002-ൽ പുറത്തിറങ്ങിയ റോജ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സിനിമാരംഗത്തേക്ക് എത്തിയിരുന്നത്. നിരവധി മലയാളം സിനിമകളിലും ഇദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post