ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ അനുഭവം പങ്കുവെച്ച് ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. ബഹിരാകാശത്ത് എങ്ങനെ നടക്കണം, ഭക്ഷണം കഴിക്കണം എന്നൊക്കെ ഒരു കുഞ്ഞിനെപ്പോലെ പഠിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്ക്കിടെ നൽകിയ ആദ്യ വീഡിയോ സന്ദേശത്തിനിടെയാണ് അദ്ദേഹം യാത്രാനുഭവം വിവരിച്ചത്.
എല്ലാവർക്കും നമസ്‌കാരം, ബഹിരാകാശത്തുനിന്ന് നമസ്‌കാരം. എന്റെ ഒപ്പമുള്ള ബഹിരാകാശ സഞ്ചാരികളോടൊപ്പം ഇവിടെയെത്തിയതിൽ ഞാൻ ആവേശഭരിതനാണ്. എന്തൊരു യാത്രയായിരുന്നു. യാത്രയുടെ തുടക്കത്തിൽ അവിശ്വസനീയമായി തോന്നി. പിന്നീട് പെട്ടെന്ന് ഒന്നുമില്ലാതായി. ശൂന്യതയിൽ ഒഴുകി നടക്കുന്ന അവസ്ഥ. ശൂന്യതയിലേക്ക് കുതിച്ചപ്പോൾ ആദ്യം അതത്ര നല്ല അനുഭവമായി തോന്നിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൂ അംഗങ്ങൾക്കൊപ്പം ബഹിരാകാശ യാത്രയുടെ ആവേശത്തിലാണ് ഞാൻ. അത്ഭുതം എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നും പറയാനില്ല. ഭ്രമണ പഥത്തിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച അതീവ സുന്ദരമാണ്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുവരികയാണ്. നന്നായി ഉറങ്ങാൻ കഴിഞ്ഞു. ബഹിരാകാശത്ത് എങ്ങനെ നടക്കാമെന്നും ഭക്ഷണം കഴിക്കാമെന്നും ഒരു കുഞ്ഞിനെ പോലെ പഠിക്കുകയാണ്. തെറ്റുകൾ വരുത്തുന്നത് നല്ലതാണ്, മറ്റുള്ളവർ അത് ചെയ്യുന്നത് കാണാനുമെന്ന് ശുഭാംശു ശുക്ല പറഞ്ഞു.
നാസയുടെ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12നായിരുന്നു വിക്ഷേപണം. സ്പേസ്എക്സിൻറെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഗ്രൂപ്പ് ക്യാപ്റ്റനും ഇദ്ദേഹമാണ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
ബഹിരാകാശ സഞ്ചാരികൾ ഏകദേശം രണ്ടാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചിലവഴിക്കും. അവിടെ അവർ ശാസ്ത്രീയ ഗവേഷണങ്ങൾ അടക്കമുള്ളവ നടത്തും. മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങൾ അവർ നടത്തും. ഈ ഗവേഷണങ്ങളിൽ 31 രാജ്യങ്ങൾ സഹകരിക്കും
Discussion about this post